കൊച്ചി: മലയാളത്തില്‍ എക്കാലത്തെയും ഹിറ്റായ ‘അനിയത്തിപ്രാവ്’ ഇരുപതാണ്ടുകള്‍ക്കിപ്പുറവും പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രണയത്തിന്റെ കാല്‍പനിക ഭംഗികള്‍ വിടര്‍ത്തി സൗന്ദര്യം തൂകി നില്‍ക്കുന്നുണ്ട്.അതിലെ നായികാ-നായക കഥാപാത്രങ്ങളായ സുധിയുംമിനിയും (കുഞ്ചാക്കോ ബോബന്‍,ശാലിനി) വിഷാദ മധുരമായ ഓര്‍മകളായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.സ്‌നേഹ നിര്‍ഭരമായ ആ ഓര്‍മകളെ തൊട്ടുണര്‍ത്താന്‍ ഒരുവട്ടം കൂടി ഒത്തു ചേരുകയാണ് ഒരു കൂട്ടം ആരാധകര്‍.ചിത്രം പുറത്തിറങ്ങിയതിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരാധകര്‍ പുറത്തിറക്കിയ ട്രെയിലര്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

1997ല്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമാണ് അനിയത്തിപ്രാവ്. 250 ഓളം ദിവസങ്ങളിലാണ് ചിത്രം അക്കാലത്ത് നിരവധി തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഒരു പുതുമുഖ നടന് ലഭിക്കുന്നതിലുമുപരി അത്രമേല്‍ ഊഷ്മളമായ വരവേല്‍പ്പും സ്വീകാര്യതയുമാണ് കുഞ്ചാക്കോ ബോബന് അന്ന് ആദ്യ അരങ്ങേറ്റത്തിലൂടെലഭിച്ചത്. പ്രഥമ ചിത്രത്തിലൂടെ തന്നെ കുഞ്ചാക്കോ ബോബന്‍- ശാലിനി കൂട്ടുകെട്ട് യുവാക്കള്‍ക്കടയില്‍ വന്‍ തരംഗമായി മാറിയിരുന്നു .