
എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന രീതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ കോടതിയെ സമീപിക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. അധ്യാപക നിയമന നിയന്ത്രണം കൊണ്ടുവരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും പ്രൊട്ടക്ടഡ് അധ്യാപകരെക്കുറിച്ച് ബജറ്റില്‍ പറഞ്ഞ കണക്കുകള്‍ തെറ്റാണെന്നും മാനേജ്‌മെന്റുകള്‍ പറഞ്ഞു. അനധികൃതമായി അധ്യാപകരെ നിയമിച്ചെങ്കില്‍ പിരിച്ചുവിടാന്‍ തയാറാണ്.

അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുമെങ്കില്‍ സ്‌കൂളുകള്‍ക്ക് വാടക നല്‍കാനും കഴിയുമെന്നുമുള്ള മുഖ്യമന്ത്രി പ്രസ്താവന അപക്വമാണെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ ആരോപിച്ചു. അതേ സമയം സര്‍ക്കാരിന്റെ അറിവോ, പരിശോധനയോ ഇല്ലാതെ എയ്ഡഡ് സ്‌കൂള്‍ മേഖലയില്‍ 18119 തസ്തിക സൃഷ്ടിക്കപ്പെട്ടെന്നാണ് ധനവകുപ്പിന്‍റെ കണക്ക്.
സര്‍ക്കാര്‍ വാദങ്ങള്‍ ഖണ്ഡിക്കുന്ന മാനേജ്മെന്റുകള്‍, വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് കെ.ഇ.ആര്‍ ഭേദഗതിയെന്നും ആരോപിക്കുന്നു. എയ്ഡഡ് മേഖലയില്‍ 13,255 സംരക്ഷിത അധ്യാപകരുണ്ടായിരിക്കെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചതെന്ന് ബജറ്റില്‍ പറയുന്നു.
