
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത പ്രവര്‍ത്തകസമിതി ഏകകണ്‌ഠേന തള്ളിയതാണെന്നു വ്യക്തമാക്കി പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. സാധാരണ പ്രവര്‍ത്തകനായി തുടരാമെന്നു രാഹുല്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചിരുന്നെന്നും എന്നാല്‍ രാഹുലിന്‍റെ നേതൃത്വം കോണ്‍ഗ്രസിന് ആവശ്യമാണെന്നും സുര്‍ജേവാല പറഞ്ഞു.

നേരത്തേ രാജിക്കാര്യം സുര്‍ജേവാല നിഷേധിച്ചിരുന്നു. പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടനാതലത്തില്‍ മാറ്റം വരുത്താന്‍ സമിതി രാഹുലിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ രൂപരേഖ ഉടന്‍ തയ്യാറാക്കുമെന്നും സുര്‍ജേവാല പറഞ്ഞു. ജനവിധി പ്രവര്‍ത്തകസമിതി അംഗീകരിച്ചെന്നും അദ്ദേഹം അറിയിച്ചു. ഇന്നു ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പ്രതികരണം. ദാരുണമായ പ്രകടനമായിരുന്നു കോണ്‍ഗ്രസിന്‍റെതെന്ന വാദം താന്‍ അംഗീകരിക്കുന്നില്ലെന്നാണ് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പറഞ്ഞത്. പക്ഷേ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ല. പാര്‍ട്ടി ഇക്കാര്യം വിശദമായി സംസാരിക്കും. ഇന്നു പൊതുവിലുള്ള കാര്യങ്ങളാണു ചര്‍ച്ച ചെയ്യതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ രാഹുല്‍ രാജിവെച്ചെന്നും അതു പ്രവര്‍ത്തകസമിതി തള്ളിയെന്നുമുള്ള വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
