
തിരുവനന്തപുരം: ചാനല്‍ മേധാവിയുടെ പിരിച്ചുവിടല്‍ ഭീക്ഷണിയെ തുടര്‍ന്ന് റിലയന്‍സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതുതായി ആരംഭിച്ച ന്യൂസ് 18 കേരളാ വാര്‍ത്ത ചാനലിലെ വനിതാ ജേര്‍ണലിസ്റ്റ് ആത്മഹത്യക്ക് ശ്രമിച്ചു. അവതാരകനായ സനീഷ് അശ്ലീലം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്ന പേരില്‍ മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതി ഗൗരവമായി എടുക്കാതിരുന്ന മാനേജ്‌മെന്റ് ആ മാധ്യമ പ്രവര്‍ത്തകയ്ക്ക് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ദളിത് വിഭാഗത്തിൽപ്പെട്ട വനിതാ ജേർണലിസ്റ്റിന്റെ ആത്മഹത്യാ ശ്രമത്തോടെ ചാനലിനെതിരേയും വാര്‍ത്താ അവതാരകനെതിരേയും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. പരാതി പിന്‍വലിക്കാന്‍ പറഞ്ഞില്ലെങ്കിലും കഴിവ് കുറഞ്ഞെന്ന കാരണം പിരിച്ചുവിടല്‍ നോട്ടീസാണ് പെണ്‍കുട്ടിയെ തേടി എത്തിയത്. പെണ്‍കുട്ടിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം എഡിറ്റര്‍ പെണ്‍കുട്ടിക്ക് കൈമാറിയിരുന്നതായി പറയുന്നു.
ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി രണ്ട് ദിവസത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. അവധിയിലായിരുന്ന പെണ്‍കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് ഓഫീസിലെത്തി എഡിറ്ററെ കണ്ട് ദീര്‍ഘനേരം സംസാരിച്ചെങ്കിലും മാനേജ്‌മെന്റിന്റെ തീരുമാനമാണ് നടപ്പിലാക്കുന്നതെന്നും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓഫീസ് വിട്ട പെണ്‍കുട്ടിയെ സഹപ്രവര്‍ത്തകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിവരം പുറത്തറിയുന്നത്. ചില അടുത്ത സുഹൃത്തുക്കളെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് അവര്‍ താമസിക്കുന്ന സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് ഉറക്കഗുളിക അമിതമായി കഴിച്ച് അവശനിലയില്‍ പെണ്‍കുട്ടിയ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പെണ്‍കുട്ടിയ എത്തിക്കുകയായിരുന്നു.
കഴക്കൂട്ടത്തെ ടി. സി. എസ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കൂടുതല്‍ വിദഗ്ധ ചികില്‍സയ്ക്കായി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടി അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. യുവതിയുടെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ച തൊഴില്‍ പീഡനം തുടങ്ങിവെച്ചത് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ആണെന്നു തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചാനല്‍ പ്രഖ്യാപനത്തിനു ശേഷം ഹൈദരാബാദില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ടീമില്‍ അംഗമായിരുന്ന യുവതിയ്‌ക്കെതിരെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒരു പടതന്നെ അണിനിരന്നുവെന്നും അവരുടെ സമ്മര്‍ദ്ദത്താലാണ് കമ്പനി യുവതിയെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രതികാര നടപടി കൈക്കൊണ്ടതുമെന്നാണ് സൂചനകളെന്ന് നാരദ മലയാളം പറയുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സനീഷ് ന്യൂസ് അവറിനിടയ്ക്ക് പ്രതീക്ഷിച്ചിരുന്ന ഗസ്റ്റിനെ കിട്ടാത്തതിന്റെ പേരില്‍ അദ്ദേഹം പെണ്‍കുട്ടിയെ അസഭ്യമായ വാക്കുകളുപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരുന്നു. ഇതില്‍ മനോവിഷമമുണ്ടായ പെണ്‍കുട്ടി ചാനല്‍ എച്ച്ഓഡിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല പെണ്‍കുട്ടിക്കെതിരെ തൊഴില്‍പരമായ പീഡനങ്ങള്‍ തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഒരു നടപടിയും ചാനലിന്റെ ഭാഗത്തു നിന്നുമുണ്ടായതുമില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ചാനലില്‍ ജോലി ചെയ്തിരുന്ന ചില ജേര്‍ണലിസ്റ്റുകളോട് പെട്ടെന്ന് രാജിവയ്ക്കണമെന്നു ടെലിഫോണിലൂടെ എച്ച്ഒഡി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ ലിസ്റ്റില്‍ പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും നേരിട്ട് പെണ്‍കുട്ടിയെ വിളിച്ച് രാജിവയ്ക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
