വാഷിംഗ്ടണ്‍: അമേരിക്കയുടെ അമരക്കാരനായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു.കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ടായിട്ടും പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. വാഷിങ്ടണില്‍ നടന്ന പ്രക്ഷോഭത്തില്‍ കറുത്ത മുഖം മൂടിയും വസ്ത്രവും ധരിച്ചെത്തിയവര്‍ യു.എസ് പ്രസിഡന്റിനെതിരെ രൂക്ഷമായ വാക്കുകളില്‍ ആഞ്ഞടിച്ചു. പ്രക്ഷോഭകാരികള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തും, അമേരിക്കന്‍ തെരുവുകളില്‍ പോലീസുമായി ഏറ്റുമുട്ടിയും അരക്ഷിതാവസ്ഥ ഉളവാക്കി. ബാങ്ക് ഓഫ് അമേരിക്കയുടെ ശാഖയ്ക്കു നേരെ അക്രമം നടന്നു.
പൊലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ച് അക്രമികളെ അറസ്റ്റ് ചെയ്തു. വാഷിംഗ്ടണിനും ന്യൂയോര്‍ക്കിനും പുറമെ മറ്റ് പല നഗരങ്ങളിലും പ്രതിഷേധക്കാര്‍ അണിനിരന്നു. ട്രംപിന്റെ വംശീയ വിദ്വേഷ നിലപാടിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ലണ്ടനില്‍ പ്രതിഷേധക്കാര്‍ സംഗമിച്ചത്. മതിലുകളല്ല, പാലങ്ങളാണ് പണിയേണ്ടതെന്നും അവര്‍ ട്രംപിനെ ഓര്‍മിപ്പിച്ചു. മനിലയില്‍ യുഎസ് എംബസിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ ട്രംപിന്റെ ചിത്രമുള്ള അമേരിക്കന്‍ പതാക കത്തിച്ചു. അമേരിക്കക്കു പുറമെ ജര്‍മനി, ജപ്പാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ട്രംപിനെതിരെ വ്യാപകമായ പ്രതിഷേധം അലയടിച്ചു.