അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കരിനിയമങ്ങള്‍ റദ്ദാക്കും; വാഗ്ദാനവുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

  • Post category:news
  • Reading time:1 min read
You are currently viewing അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കരിനിയമങ്ങള്‍ റദ്ദാക്കും; വാഗ്ദാനവുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡൽഹി: തങ്ങൾ അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കരിനിയമങ്ങള്‍ റദ്ദാക്കുമെന്ന വാഗ്ദാനവുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രിക. ദേശീയ തലത്തിൽ വിവര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയിൽ പറയുന്നു.നിലവിലുള്ള രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പഴുത് നല്‍കുന്ന നിയമങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയാണ് നിയമപരിഷ്കരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിലനില്‍ക്കുന്ന ഐ.പി.സി 124എ, യു.എ.പി.എയിലെ സെക്ഷന്‍ 2 തുടങ്ങിയവ ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മോദി സര്‍ക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപം കോണ്‍ഗ്രസ് അടക്കം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ പുതിയ സർക്കാർ ഈ കരിനിയമങ്ങള്‍ ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

പൗരന്‍റെ സ്വകാര്യതാ സംരക്ഷണമാണ് മറ്റൊന്ന്. ഇന്റര്‍നെറ്റും മറ്റ് സാമൂഹ്യമാധ്യമങ്ങളും വ്യാപകമായ പശ്ചാത്തലത്തില്‍ പൗരന്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ കൊണ്ടുവരുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. അതേപോലെ തന്നെ ട്രാന്‍സ്ജന്‍ഡര്‍ നിയമവും പരിഷ്കരിക്കാന്‍ പദ്ധതിയുണ്ട്. ഇപ്പോള്‍ പുറത്തിറക്കിയ കരട് പ്രകടന പത്രികയിലെ നിര്‍ദേശങ്ങള്‍ക്ക് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി അന്തിമ അംഗീകാരം നല്‍കുന്നതോടെ പ്രകടനപത്രിക പുറത്തുവിടും.

0Shares