
തുര്‍ക്‌മെനിസ്താന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ട മലയാളി താരം പി. യു. ചിത്രയ്ക്ക് തന്നെ തഴഞ്ഞ അധികൃതരോട് മധുരപ്രതികാരം. ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസില്‍ ചിത്രയ്ക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്.

4:27.77 സെക്കന്‍ഡിലായിരുന്നു ഫിനിഷിംഗ്. ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷമുള്ള ചിത്രയുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു ഇത്. വനിതകളുടെ ലോംഗ്ജമ്പില്‍ മലയാളി താരം വി. നീന വെങ്കലം നേടി. 6.04 മീറ്ററാണ് നീന ചാടിയത്. മീറ്റില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഏഴ് മെഡലാണ് സ്വന്തമാക്കാനായത്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമുള്ള ഇന്ത്യ എട്ടാം സ്ഥാനത്താണ്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്ള ഇന്ത്യ അത്‌ലറ്റിക്‌സില്‍ കസാഖ്‌സ്താന് പിറകില്‍ രണ്ടാമതാണ്. കസാഖ്‌സ്താന് അത്‌ലറ്റിക്‌സ് ആറ് സ്വര്‍ണമുണ്ട്.
