
കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ നടപടി വേണമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതാപൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തയച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബിപിൻ റാവത്ത് നടത്തിയ പ്രതികരണത്തിനു പിന്നാലെയാണ് നടപടി. ബിപിൻ റാവത്തിനെതിരെ നടപടി വേണമെന്ന് നേരത്തെ സി..പിഎമ്മും ആവശ്യപ്പെട്ടിരുന്നു.

പൗരത്വ നിയമത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം വഴിതെറ്റിയതാണെന്നായിരുന്നു റാവത്തിന്‍റെ പ്രതികരണം. അക്രമത്തിലേക്കും കലാപത്തിലേക്കും ജനക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ലെന്നു റാവത്ത് അഭിപ്രായപ്പെട്ടു. പല സർവകലാശാലകളിലും കോളജുകളിലും ഇപ്പോൾ കാണുന്ന പോലെ വഴിതെറ്റി നീങ്ങുന്ന സമരങ്ങളെ നയിക്കുന്നവർ നേതാക്കളല്ല. കലാപമുണ്ടാക്കാൻ ജനക്കൂട്ടത്തെ അവർ തെറ്റായ ദിശയിൽ നയിക്കുന്നു – റാവത്ത് പറഞ്ഞു.
രാജ്യത്തെ ഭരണഘടനാ സംവിധാനത്തിന് വലിയ ദോഷം ചെയ്യുന്നതാണ് സൈനിക മേധാവിയുടെ വാക്കുകളെന്നായിരുന്നു സി.പി.എമ്മിന്‍റെ പ്രതികരണം. റാവത്തിന്റേത് അതീവഗുരുതരമായ ചട്ടലംഘനമാണെന്നും അധികാരപരിധി മറികടന്ന സേനാമേധാവിയെ സർക്കാർ ശാസിക്കണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടിരുന്നു.
