ചെന്നൈ: സേലം അതിവേഗ പാതയ്‌ക്കെതിരെ തദ്ദേശവാസികള്‍ക്കൊപ്പം കര്‍ഷകരുടെ പ്രക്ഷോഭത്തിനെത്തിയ നടന്‍ മന്‍സൂര്‍ അലി ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാദപരമാമര്‍ശത്തിൻ്റെ പേരിലാണ് അറസ്റ്റ്. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍പ്പോകുമെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്. സേലത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് കഴിഞ്ഞ ദിവസം ചെന്നൈ ചൂളൈമേടിലുള്ള വീട്ടില്‍ വെച്ച് താരത്തെ അറസ്റ്റു ചെയ്തത്. നിര്‍ദിഷ്ട ചെന്നൈ-സേലം അതിവേഗപാതയ്ക്കെതിരേ കര്‍ഷകരും തദ്ദേശവാസികളും നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം.
സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി അതിവേഗപാതയും ലഭിച്ചാല്‍ നാട്ടുകാര്‍ക്ക് ഇവിടെ ജീവിക്കാനാവില്ലെന്നും ദേശീയപാതയ്ക്കു വേണ്ടി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടിവരുമെന്നും മന്‍സുര്‍ അലി ഖാന്‍ വ്യക്തമാക്കിയിരുന്നു.കേന്ദ്ര സര്‍ക്കാരിൻ്റെ ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി ഗ്രാമങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. കാവേരി പ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ക്ക് പിന്തുണ നല്‍കിയതിന് കഴിഞ്ഞ ഏപ്രിലില്‍ മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അതിവേഗ പാത നിര്‍മ്മാണത്തിനെതിരെ വിവാദ പരാമര്‍ശം നടത്തി; നടന്‍ മന്‍സൂര്‍ അലി ഖാന് കിട്ടിയത് എട്ടിൻ്റെ പണി