
പാക് അധിനിവേശ കാശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇനി പാക് അധിനിവേശ കാശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്‍റെ അടുത്ത അജണ്ടയെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരാണ് അക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. സൈന്യം എന്തിനും തയ്യാറാണ്- അദ്ദേഹം വ്യക്തമാക്കി. ഇനി പാകിസ്താനുമായി ചര്‍ച്ച നടത്തുന്നത് പാക് അധിനിവേശ കാശ്മീരിന്‍റെ വിഷയത്തില്‍ മാത്രമായിരിക്കുമെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.
ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ പുന:പരിശോധിക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈന്യം എന്തിനും തയാറാണെന്ന പ്രസ്താവനയുമായി കരസേന മേധാവി രംഗത്തെത്തിയത്.
