കണ്ണൂര്‍: അതിര്‍ത്തി വഴി കര്‍ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്നു. കണ്ണൂരില്‍ രണ്ടിടത്ത് നടന്ന കഞ്ചാവ് വേട്ടയില്‍ 10 കിലോവുമായി രണ്ടുപേര്‍ അറസ്റ്റിലായി. കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍നിന്നും ആറുകിലോവും തലശേരിയില്‍ നിന്ന് നാലുകിലോ കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനക്കിടെ എക്സൈസ് സംഘം ആറ് കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ പിടികൂടിയത്. ബംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന പി.കെ ട്രാവല്‍സ് ടൂറിസ്റ്റ് ബസ്സില്‍ നിന്നുമാണ് യുവാവും കഞ്ചാവും എക്സൈസിന്റെ പിടിയിലായത്. പിടികൂടിയ കഞ്ചാവിന് അരലക്ഷത്തിലധികം രൂപ വിലവരും. കണ്ണൂര്‍ ചിറക്കല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ കെ പി ഹൗസില്‍ ഹിലാല്‍ (32) അറസ്റ്റിലായി. ബസ് ഡ്രൈവറുടെ ക്യാബിനില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ കൈവശമുണ്ടായിരുന്ന ഷോള്‍ഡര്‍ ബാഗിലായിരുന്നു കഞ്ചാവ്. മൂന്നു കെട്ടുകളായി പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ബംഗളൂരുവില്‍ നിന്നാണ് കഞ്ചാവുമായി വരുന്നതെന്ന് എക്സൈസ് സംഘത്തോട് വെളിപ്പെടുത്തി.
ഈയടുത്ത കാലത്തായി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിന്നും കിലോ കണക്കിന് കഞ്ചാവും മറ്റു മയക്കുമരുന്നുകളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എക്സൈസ് പിടികൂടുന്നത് പതിവായിരിക്കുകയാണ്. വന്‍തോതില്‍ കുഴല്‍പ്പണവും ഇവിടെ നിന്നും ഇതിനകം പിടിക്കപ്പെട്ടിട്ടുണ്ട്. കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇവ പിടിയിലാവുന്നത്. ഇന്ന് പിടിയിലായ യുവാവിനെ കഞ്ചാവ് സഹിതം ഇന്നുച്ചതിരിഞ്ഞ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സീനു കൊയില്യത്ത്, പ്രഭാകരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് പിടികൂടിയത്. അതിനിടേ വെള്ളിയാഴ്ച ഉച്ചയോടെ തലശ്ശേരിയില്‍ വെച്ച് നാലു കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇയാളെ എക്സൈസ് സംഘം ചോദ്യം ചെയ്തുവരികയാണ്. തിരുവങ്ങാട് സ്വദേശി വി ശരത്തി(30)നെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ മനോഹരന് പയ്യനും സംഘവും തലായിയില്‍ വെച്ച് പിടികൂടിയത്. ഇയാള്‍ സഞ്ചിയില്‍ കഞ്ചാവുമായി വരുമ്പോഴാണ് എക്സൈസ് സംഘം വലയിലാക്കിയത്.
അതിര്‍ത്തി വഴി കര്‍ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്നു; കണ്ണൂരില്‍ രണ്ടിടത്ത് നടന്ന കഞ്ചാവ് വേട്ടയില്‍ 10 കിലോവുമായി രണ്ടുപേര്‍ അറസ്റ്റിലായി