അതിരപ്പിള്ളി പദ്ധതിയുടെ വഴികള്‍ എന്നന്നേക്കുമായി അടയുന്നു; വൈദ്യുതി പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന് ഇനി ഒരു സ്വപ്നം മാത്രമാകും

  • Post category:news
  • Reading time:1 min read
You are currently viewing അതിരപ്പിള്ളി പദ്ധതിയുടെ വഴികള്‍ എന്നന്നേക്കുമായി അടയുന്നു; വൈദ്യുതി പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന് ഇനി ഒരു സ്വപ്നം മാത്രമാകും


തിരുവനന്തപുരം: പ്രദേശവാസികളായ ആദിവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും കേരളത്തിലെ ജനതയുടെ പൊതുവികാരത്തെയും മറികടന്നുകൊണ്ട്‌ ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാറിന് ബുദ്ധിമുട്ടാകും. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആദിവാസികളുടെ സാമൂഹിക വനാവകാശം നിലവിലുണ്ടന്ന് നിയമസഭയിലെ സബ്മിഷന് മറുപടി നല്‍കുന്നതിനായി വാഴച്ചാല്‍ ഡിഎഫ്ഒ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വനഭൂമി ഏറ്റെടുക്കുന്നതിന് വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ സമ്മതം വേണമെന്ന വനാവകാശ നിയമം ആദിവാസികളുെട അവകാശം സംരക്ഷിക്കാനുള്ള ഒന്നായാണ് ഏവരും വിലയിരുത്തിയിട്ടുള്ളത്. ഇതേ നിയമം തന്നെയാണ് ഘടക കക്ഷികളുടെ എതിര്‍പ്പ് മറികടന്നും പദ്ധതിയുമായി മുന്നോട്ട് പോയിരുന്ന സി. പി എമ്മിന് വിലങ്ങുതടിയാകുന്നത്.

വാഴച്ചാലിലുള്ള ഒന്‍പത് ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന ഗ്രാമസഭയ്ക്കായി 400 ഹെക്ടര്‍ വനഭൂമിയാണ് ഇവിടെ അനുവദിച്ചു നല്‍കിയിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം ഈ 400 ഹെക്ടറിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടു തന്നെ നിയമപരമായ കുടിയൊഴിപ്പിക്കലിന് പ്രസ്തുത ഗ്രാമസഭയുടെ അനുമതി കൂടി ലഭിക്കണം. വനാവകാശ നിയമം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇത് കടുത്ത വെല്ലുവിളിയാകും. 2006ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ വനാവകാശ നിയമം കൊണ്ടുവരുന്നത്. അതിരപ്പള്ളി വൈദ്യുത പദ്ധതി തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദിവാസി ഊരുകളും കക്ഷി ചേര്‍ന്നിട്ടുണ്ട്.അതുകൊണ്ട് തന്നെ അവരുടെ അനുമതി ലഭിക്കുക എന്നത് ഒരു വിദൂര സ്വപ്നം മാത്രമാകും.

0Shares