
തിരുവനന്തപുരം; യൂത്ത് കോണ്‍ഗ്രസുകാര്‍ തരുമെന്ന് പറഞ്ഞ അണ്ണന്‍ പണവുമായി വന്നില്ല. കാത്തിരിപ്പിനൊടുവില്‍ യൂത്തന്മാര്‍ അകത്താക്കിയ ഭക്ഷണത്തിന്‍റെ മുഴുവന്‍ പണവും ദിലീപിന്‍റെ കാന്റീനിലെത്തിയതാകട്ടെ എസ്.എഫ്.ഐ നല്‍കിയപ്പോള്‍. യൂത്ത് കോണ്‍ഗ്രസുകാര്‍ പണം നല്‍കാതെ മുങ്ങിയ വിവരം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിരിവിട്ട് ദിലീപിന് മുഴുവന്‍ പണവും നല്‍കിയത്.

നഗരസഭ കൗണ്‍സിലര്‍ ഐ. പി ബിനുവിന്‍റെ നേതൃത്വത്തില്‍ ആണ് പ്രസ് ക്ലബിന് മുന്നിലെ ദിലീപിന്‍റെ കടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കടം വീട്ടാനെത്തിയത്. 30 മോദകവും 20 ഉഴുന്നുവടയും 40 ചായയും ഉള്‍പ്പെടെ ആയിരത്തിലധികം രൂപയുടെ ഭക്ഷണമായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ചിനെത്തിയ യൂത്തന്മാര്‍ കഴിച്ചത്. പൈസ ചോദിച്ചപ്പോള്‍ ദൂരെ നില്‍ക്കുന്ന ഒരു ഖദര്‍ ധാരിയെ ചൂണ്ടി കാട്ടി അണ്ണന്‍ തരുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ അലമാരിയിലെ പലഹാരങ്ങള്‍ കാലിയായപ്പോള്‍ അണ്ണനുമില്ല, ഖദര്‍ ധാരികളുമില്ല. ഉച്ചയൂണ് സമയത്തും ഇവര്‍ എത്തിയെങ്കിലും ഷട്ടര്‍ അടച്ച് ദിലീപ് വന്‍ നഷ്ടം ഒഴിവാക്കുകയായിരുന്നു.
