
സ്വന്തം നാട്ടില്‍ നടക്കുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പിലെ ആവേശ ഫൈനലിനൊടുവില്‍ ബ്രസീല്‍ ജേതാക്കള്‍. ഫൈനല്‍ മത്സരത്തില്‍ മെക്‌സിക്കോയെ 2-1 എന്ന സ്‌കോറിനാണ് ബ്രസീല്‍ വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ആതിഥേയര്‍ അവസാന മിനിറ്റുകളിലാണ് രണ്ട് ഗോള്‍ നേടി ജയം സ്വന്തമാക്കിയത്. നാലാം തവണയാണ് ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് നേടുന്നത്.

സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍നേടിയ ഗോളില്‍ ഇക്കുറി ഇരട്ടിമധുരമായി. 2003ന് ശേഷം ബ്രസീലിന്‍റെ ആദ്യ കിരീടം കൂടിയാണിത്. ഗോളുകള്‍ പിറക്കാതിരുന്ന ആദ്യ പകുതിക്കുശേഷം 66-ാം മിനിറ്റില്‍ മെക്‌സിക്കോയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഗോണ്‍സാലെസ് ഒലിവന്‍ മെക്‌സിക്കോയ്ക്കായി വലകുലുക്കി. ടീം കിരീടം നേടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 84-ാം മിനിറ്റിലായിരുന്നു ബ്രസീലിന്‍റെ സമനില ഗോള്‍.
വാര്‍ പരിശോധിച്ച് അനുവദിച്ച പെനാല്‍റ്റിയിലൂടെ ജോര്‍ഗെയാണ് സ്‌കോറര്‍. ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റില്‍ ബ്രസീല്‍ വിജയഗോളും നേടി. വിനീഷ്യസ് മാര്‍ക്വെസ് ആണ് ഗോളടിച്ച് ടീമിന് രക്ഷകനായത്.
