തിരുവനന്തപുരം: അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും പാളിച്ച പറ്റിയിട്ടില്ലെന്നു മന്ത്രി എം.എം മണി. ഇടുക്കിയിലേതുള്‍പ്പെടെയുള്ള സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ്. മഴ ഇത്ര കനക്കുമെന്ന് കരുതിയില്ല. മഴയ്ക്ക് ശക്തി കൂടിയപ്പോള്‍ വൈദ്യുതി വകുപ്പിന്റേതിന് പുറമേ ജലസേചനത്തിന് നിര്‍മിച്ച ഡാമുകളും തുറക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്. 25 ലക്ഷത്തോളം പേരുടെ വൈദ്യുതി കണക്ഷന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുകയാണ് കെ.എസ്.ഇ.ബിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.
ദുരിതത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുകളെ കുറ്റംപറയുന്നവര്‍ക്ക് എല്ലാം ശരിയായതിലുള്ള മനക്ലേശമാണെന്നും വിവാദ പ്രസ്താവനകള്‍ക്ക് താല്‍പര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിന് കാരണമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് വൈദ്യുതി മന്ത്രി എം.എം മണി പ്രതികരിച്ചത്.