പാലക്കാട്: അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണുവാനില്ല. വന മേഖലയില്‍ കഞ്ചാവ് കൃഷി വ്യാപകമായതോടെ പോലീസും എക്സൈസും പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വനംവകുപ്പ് ഉള്‍ക്കാടുകളില്‍ തെരച്ചിലിന് പോകാന്‍ തുടങ്ങിയത്. മുക്കാലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വനപാലകര്‍ ഗലസി-തുടുക്കി വനമേഖലയിലേക്കു പോയത്. ഇവര്‍ മൂന്ന് ദിവസം മുമ്പാണ് മുക്കാലിയില്‍ നിന്ന് വനത്തിലേക്ക് പോയത്. കനത്ത മഴയെത്തുടര്‍ന്ന് വരകാര്‍ പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ കാട്ടില്‍ കുടുങ്ങിയതാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വയര്‍ലെസ് സംവിധാനങ്ങളും മൊബൈല്‍ ഫോണുകളും ഉള്‍പ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ആറംഗ സംഘത്തിന്റെ കൈവശമുണ്ടെങ്കിലും ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
ഒരു ദിവസത്തെ ഭക്ഷണം മാത്രം ശേഖരിച്ചാണ് സാധാരണ കഞ്ചാവ് വേട്ടയ്ക്കായി ഉദ്യോഗസ്ഥര്‍ കാടുകയറുന്നത്. അതിനാല്‍ തിങ്കളാഴ്ച പോയ സംഘം ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തതിന്റെ ആശങ്കയിലാണ്. അഗളിയിലെ പോലീസ് സംഘം തിങ്കളാഴ്ച ആറംഗ സംഘത്തെ കണ്ടതായി റിപ്പോര്‍ട്ട്. ഇതാണ് സംഘത്തെ കുറിച്ചുള്ള അവസാന വിവരവും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആറുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാതായി