
പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള മല്ലീശ്വരൻമുടിയിൽ പടര്‍ന്ന നിയന്ത്രണ വിധേയമാകാത്ത
കാട്ടുതീ കെടുത്തുന്നതിനായി വനം വകുപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും
ഹെലികോപ്റ്റർ സഹായം തേടി. വനപാലകർക്ക് ഒരു തരത്തിലും എത്തിച്ചേരാൻ കഴിയാത്ത ദുർഘട മേഖലയായതിനാൽ ആകാശമാർഗം മാത്രമേ തീയണയ്ക്കാൻ കഴിയുകയുള്ളൂവെന്നതിനാലാണ് ഹെലികോപ്റ്റർ സഹായം ആവശ്യപ്പെട്ടത്.

ഉയരമുള്ള പ്രദേശമായ മല്ലീശ്വരൻമുടിയിൽ രണ്ടിടങ്ങളിലാണ് ഇപ്പോൾ കാട്ടുതീയുള്ളത്. കാട്ടുതീ പടര്‍ന്ന ഈ പ്രദേശങ്ങളുടേയും അവയ്ക്കടുത്തുള്ള ജലസ്രോതസുകളുടേയും ജി.പി.എസ്.ഉൾപ്പടെയുള്ള വിശദാംശങ്ങൾ
മുഖ്യ വനം മേധാവി പി.കെ.കേശവൻ ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.
