അടിയന്തരാവസ്ഥയിലും വര്‍ഗീയകലാപത്തിന് അയവില്ല; ശ്രീലങ്കയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്ക്

  • Post category:news
  • Reading time:1 min read
You are currently viewing അടിയന്തരാവസ്ഥയിലും വര്‍ഗീയകലാപത്തിന് അയവില്ല; ശ്രീലങ്കയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്ക്

കൊളംബോ: അടിയന്തരാവസ്ഥയിലും ശ്രീലങ്കയിലെ വര്‍ഗീയകലാപത്തിന് അയവില്ല. കലാപത്തിന്റെ കേന്ദ്രമായ കാന്‍ഡിയില്‍ ബുധനാഴ്ച മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കച്ചവടസ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി. എന്നാല്‍ ഇവിടെ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. കലാപം വര്‍ധിക്കുന്നതിനാല്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംവിരുദ്ധവികാരം പടര്‍ത്താനായി കലാപകാരികള്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. നിയന്ത്രണം താത്കാലികമാണെന്നും വൈകാതെ പിന്‍വലിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കലാപത്തില്‍ ഇതുവരെ ഒരു സിംഹളനും ഒരു മുസ്‌ലിം യുവാവും കൊല്ലപ്പെട്ടു. മധ്യ ശ്രീലങ്കയില്‍ കലാപകാരികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.കാന്‍ഡിയുടെ പ്രാന്തപ്രദേശമായ മെനിഖിന്നയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപോലീസുകാര്‍ക്ക് പരിക്കേറ്റുവെന്ന് പോലീസ് വക്താവ് റുവാന്‍ ഗുണശേഖര അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ നൂറ്റന്‍പതിലേറെ വീടുകളും കടകളും വാഹനങ്ങളും തീവെച്ചുനശിപ്പിച്ചു. ബുദ്ധമതവിശ്വാസികളായ സിംഹളരും ന്യൂനപക്ഷമായ മുസ്ലിങ്ങളും തമ്മില്‍ ആഴ്ചകള്‍ക്ക് മുന്‍പേയാരംഭിച്ച സംഘര്‍ഷം രൂക്ഷമായതോടെ ചൊവ്വാഴ്ചയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പത്തുദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

0Shares