
തപാല്‍ ഓഫീസില്‍ അക്കൗണ്ട് എടുത്താല്‍ ഒന്നാം മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയുടെ ലഭിക്കുമെന്ന് അറിഞ്ഞ് മൂന്നാര്‍ തപാല്‍ ഓഫീസില്‍ അക്കൗണ്ട് എടുക്കാന്‍ എത്തിയത് ആയിര കണക്കിന് തൊഴിലാളികള്‍. മൊബൈല്‍ ഫോണ്‍ വഴി എത്തിയ വ്യാജ സന്ദേശത്തെ തുടര്‍ന്നാണ് തപാല്‍ ഓഫീസില്‍ അക്കൗണ്ട് എടുക്കാന്‍ തൊഴിലാളികള്‍ എത്തിയത്.
പലരും ജോലിയില്‍ നിന്ന് അവധിയെടുത്താണ് തപാല്‍ അക്കൗണ്ട് എടുക്കാന്‍ ക്യൂനിന്നത്. 1000 ഉപഭോക്താക്കളുടെ അക്കൗണ്ടുള്ള തപാല്‍ ഓഫീസുകള്‍ ഹൈടെക് ആക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായിട്ടുള്ള അവസാന ദിവസവും അടുത്തിരുന്നു. മൂന്നാറില്‍ തപാല്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം വരെ ആയിരം ഉപഭോക്താക്കളെ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് താപാല്‍ ഓഫീസ് ഹൈടെക് ആക്കുന്നതിനായി നടത്തിയ പ്രചാരണമാണിതെന്നും ആരോപണമുണ്ട്. തപാല്‍ ഓഫീസിന്‍റെ ദൈനംദിന ഇടപാടുകള്‍ക്ക് മുടക്കം സംഭവിക്കുമെന്ന് ഘട്ടമെത്തിയത്തോടെ ഉദ്യോഗസ്ഥര്‍ വ്യാജപ്രചരണമാണെന്ന ബോര്‍ഡും തൂക്കിയിട്ടും ഫലമുണ്ടായില്ല.

ഒടുവില്‍ തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് എത്തി. ഉദ്യോഗസ്ഥരും പോലീസുകാരും കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല. മൂന്നുദിവസമായി തൊഴിലാളികളുടെ നീണ്ടനിരയാണ് മൂന്നാര്‍ തപാല്‍ ഓഫീസിനു മുന്നില്‍ രൂപപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച പോലും തപാല്‍ ഓഫീസിന് തുറന്ന് പ്രവര്‍ത്തിക്കേണ്ടി വന്നു. രാത്രി എട്ടുമണിയായിട്ടും തിരക്ക് കുറയാതെ വന്നതോടെ പോലീസ് വന്നവര്‍ക്ക് ടോക്കണ്‍ നല്‍കി മടക്കി അയച്ചു. ജോലി കളഞ്ഞ് തപാല്‍ ഓഫിസീലെത്തിയ തൊഴിലാളികളെ മടക്കി അയ്ക്കാതെ ഉദ്യോഗസ്ഥര്‍ എല്ലാവരുടെയും അപേക്ഷകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ 50 രൂപയുടെ അക്കൗണ്ടിനായി, വിദ്യാഭ്യാസമില്ലാത്ത പാവങ്ങളായ തൊഴിലാളികള്‍ക്ക് അപേക്ഷ എഴുതി നല്‍കാന്‍ ഇടനിലക്കാര്‍ 150 രൂപവരെയാണ് ഈടാക്കുന്നത്.
തൊഴിലാളികളുടെ തപാല്‍ അക്കൗണ്ടിലേക്ക് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന്‍റെ ആദ്യ ഘട്ടമായി 50,000 മുതല്‍ ഒരു ലക്ഷം രൂപവരെ എത്തുമെന്നായിരുന്നു വാര്‍ത്ത പരന്നത്. സമാനമായ വ്യാജ സന്ദേശം ദേവികുളം റവന്യൂ ഡിവിഷന്‍ ഓഫീസിന്‍റെ പേരിലുമുണ്ടായി. സൗജന്യമായി സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നു എന്നായിരുന്നു സന്ദേശം. സന്ദേശത്തെ തുടര്‍ന്ന് നിരവധി തൊഴിലാളികളാണ് ദേവികുളം ആര്‍. ഡി. ഒ ഓഫിസിലെത്തിയത്. വ്യാജവാര്‍ത്തകളുടെ ഉറവിടത്തെക്കുറിച്ച് അറിവില്ലെന്നും ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ദേവികുളം സബ് കളക്ടര്‍ രേണുരാജ് വ്യക്തമാക്കി.
