സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ ശക്തമായി തുടരും; കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ ശക്തമായി തുടരും; കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: രണ്ടു ദിവസം തെല്ലു മാറിനിന്ന കാലവര്‍ഷം ഇന്നലെ വീണ്ടും ശക്തമായി. മധ്യകേരളത്തില്‍ ഇടിമിന്നലിൻ്റെ അകംമ്പടിയോടെ മഴ തകര്‍ത്തുപെയ്തു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചവരെ മഴ ശക്തമായി തുടരുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂരില്‍ ഇന്നലെ നാലുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തു മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 139 ആയി. അതേസമയം കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോരമേഖലകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ കടലില്‍ ഇറങ്ങരുത്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. മലയോരപാതകള്‍ക്കു കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാം. ഇത്തരം ചാലുകള്‍ക്കരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. മരങ്ങള്‍ക്കു കീഴില്‍ പാര്‍ക്കിങ് അരുത്.ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍, മാറിത്താമസിക്കാന്‍ മടിക്കരുതെന്നും പറഞ്ഞു.. പരിശീലനം കിട്ടിയ സന്നദ്ധപ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ ബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

0Shares