
മണ്ഡലകാല തീർഥാടനത്തിന് തുടക്കംകുറിച്ച് ശബരിമലയിൽ ശനിയാഴ്ച നട തുറക്കും. ഞായറാഴ്ചയാണ് വൃശ്ചികപ്പിറവി. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി നട തുറക്കും. തുടർന്ന് ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാർ സ്ഥാനമേൽക്കും.
യുവതി പ്രവേശനത്തിന്റെ പേരിൽ ഇത്തവണയും സംഘർഷഭരിതമാകുമോ തീർഥാടനകാലം എന്ന ആശങ്ക എല്ലാവരിലുമുണ്ട്. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെങ്കിലും ശബരിമലയിലേക്ക് യുവതികളെത്തിയാല്‍ കോടതിവിധിയിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി തടയാന്‍ സാധ്യത. തൽക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട്. വിധിയിൽ വ്യക്തത വരുംവരെ യുവതീപ്രവേശനം അനുവദിക്കേണ്ടന്ന് സി.പി.എം സെക്രട്ടറിയറ്റും നിലപാടെടുത്തിട്ടുണ്ട്.

വിധിയിൽ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ ബാലനും യുവതികൾക്ക് പോലീസ് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. യുവതീപ്രവേശനത്തിൽ അഡ്വക്കറ്റ് ജനറൽ, നിയമസെക്രട്ടറി എന്നിവരോട് സർക്കാർ നിയമോപദേശം തേടിയിരുന്നു. അഡ്വക്കറ്റ് ജനറൽ സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്ത ഉൾപ്പെടെയുള്ളവരോട് അഭിപ്രായം ആരായുകയും ചെയ്തു.
അന്തിമ വിധി വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലയിലുള്ള നിയമോപദേശമാണ് ലഭിച്ചത്. നിയമോപദേശം സംബന്ധിച്ച കാര്യങ്ങൾ അഡ്വക്കറ്റ് ജനറൽ മുഖ്യമന്ത്രിയോട് വിശദീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ദർശനത്തിനെത്തുന്ന യുവതികളെ പമ്പയിൽ തടഞ്ഞ് മടക്കി അയക്കുന്ന രീതിയാകും കൈക്കൊള്ളുകയെന്നാണ് വിവരം. ക്രമസമാധാന പ്രശ്നമാണ് സര്‍ക്കാറിന് മുന്നിലുള്ള കടുത്ത വെല്ലുവിളി.
പോലീസിന്റെ ശബരിമല ദർശനത്തിനുള്ള ഓണ്‍ലൈൻ സംവിധാനത്തിലൂടെ സ്ത്രീകൾ ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യം മനസ്സിലാക്കി അവർ വരില്ലെന്നാണ് പോലീസും സർക്കാറും പ്രതീക്ഷിക്കുന്നത്.
