
ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശ ഫൈനല്‍ പോരാട്ടത്തിനായി ഇന്ത്യയുടെ പെണ്‍പുലികള്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇറങ്ങും. കരുത്തരും നിലവിലെ ചാംപ്യന്‍മാരായ ആസ്ത്രേലിയയെ തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവ് എന്നാല്‍ ആദിതേരായ ഇഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്. പുരുഷ ക്രിക്കറ്റിന് മാത്രം കൈയ്യടിച്ച ലോക ക്രിക്കറ്റ് പ്രേമികളുടെ മനസ് പെണ്‍പോരാട്ടത്തിന്റെ തുടിപ്പിനൊപ്പവും നിന്ന ലോകകപ്പ് കൂടിയായിരുന്നു ഇത്. സ്വന്തം മൈതാനത്തിന്റെ തിണ്ണമിടുക്കും കണക്കിലെ മേധാവിത്വവും ഇംഗ്ലണ്ടിന് അവകാശപ്പെടാമെങ്കിലും ഓസീസിനെ തകര്‍ത്ത ഇന്ത്യയുടെ പെണ്‍കരുത്തിനെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടുന്ന പ്രകടനങ്ങളുമായാണ് ഇന്ത്യന്‍ ടീം ഫൈനല്‍ മല്‍സരത്തിനിറങ്ങുന്നത്. മുന്‍കാല ചരിത്രങ്ങള്‍ക്കും കണക്കുകളുടെ മുന്‍തൂക്കത്തിലും കളിക്കളത്തില്‍ സ്ഥാനമില്ലെന്ന് തെളിയിച്ച ഇന്ത്യയുടെ പെണ്‍കരുത്ത് ഫൈനലിലും ഇരമ്പിയടിച്ചാല്‍ ഇംഗ്ലണ്ട് പടയ്ക്ക് തടുത്തുനിര്‍ത്താന്‍ നന്നായി പ്രയാസപ്പെടേണ്ടിവരും.

മിതാലി രാജിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ലോകകപ്പ് ഫൈനല്‍ കൂടിയാണിത്. മിതാലിയുടെ ബാറ്റിങ് സ്ഥിരതയിലാണ് ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍. ഓപണര്‍മാരായ പൂനം റൗത്തും സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീത് കൗറും വേദ കൃഷ്ണമൂര്‍ത്തിയുമെല്ലാം ഇന്ത്യയുടെ ബാറ്റിങ് കരുത്തിന് മൂര്‍ച്ചകൂട്ടുന്നു. 404 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഓസീസ് താരം എല്‍സി പെറി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 392 റണ്‍സുമായി മിതാലി പട്ടികയിലെ രണ്ടാം സ്ഥാനത്തുമുണ്ട്. 308 റണ്‍സുമായി കൗര്‍ 11ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പൂനം റൗത്തിന്റെ അക്കൗണ്ടില്‍ 295 റണ്‍സുമുണ്ട്. ആദ്യ മല്‍സരങ്ങളിലെ മികവ് മന്ദാനയ്ക്ക് ആവര്‍ത്തിക്കാനാവാത്തത് ഇന്ത്യക്ക് തലവേദനയാകുന്നുണ്ട്. സെമി ഫൈനലിലും മന്ദാനയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.
ബൗളിങ് നിരയില്‍ ജുലാന്‍ ഗോസാമിയുടെ മിന്നല്‍ പ്രകടനമാണ് ഇന്ത്യയുടെ കരുത്ത്. മികച്ച സ്പിന്‍കരുത്തും ഇന്ത്യക്കൊപ്പമുണ്ട്. എട്ട് മല്‍സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകളുള്ള ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് നേട്ടക്കാരില്‍ മുന്നിലുള്ളത്. പൂനം യാദവ് ,ഏക്താ ബിഷ്ട് എന്നിവരുടെ അക്കൗണ്ടില്‍ ഒമ്പത് വിക്കറ്റുകള്‍ വീതമുണ്ട്. ഇംഗ്ലണ്ടിലെ വേഗമൈതാനത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അദ്ഭുതം കാട്ടിയാല്‍ ഇന്ത്യക്ക് ചരിത്ര നേട്ടത്തില്‍ മുത്തമിടാം.
