
ബംഗളൂരു: പ്രമുഖ നടി സിന്ധു മേനോനെതിരെ പോലീസ് കേസെടുത്തു. ബാങ്കില്‍ നിന്ന് വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സിന്ധു മേനോന് മാത്രമല്ല, സഹോദരനെതിരെയും അയാളുടെ കാമുകിക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. സഹോദരനും കാമുകിയും അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികള്‍ ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, കുടുംബ വീടുകള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്.

ബംഗളൂരുവിലെ ആര്.എം.സി യാര്‍ഡ് പോലീസ് സ്റ്റേഷനിലാണ് സിന്ധു മേനോനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടച്ചില്ല എന്നാണ് ആക്ഷേപം. നാല് ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തത്.
അഞ്ചു പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സിന്ധു മേനോനെ കൂടാതെ സഹോദരന് മനോജ്, ഇയാളുടെ കാമുകി നാഗേശ്വരി, ഇന്ദിരാ മേനോന്, സുധ രാജശേഖരന് എന്നിവരാണ് പ്രതികള്‍. എന്തിനാണ് ഇത്രയും തുക വായ്പയെടുത്തത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കും.
