ദോഹ: ഈജിപ്ത്, ജോര്‍ദാന്‍, ലബനാന്, ഒമാന്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏതാനും പഴ വര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ദോഹയില്‍ താല്‍ക്കാലിക വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ചില പഴ വര്‍ഗ്ഗങ്ങളില്‍ കീടനാശിനികളുടെ അംശം അമിതമായ തോതില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ലാബിന്റെ ഈ നടപടി.

ലബനാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍, ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമ്മാം, കാരറ്റ്, ജര്‍ജീര്‍, ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചമുളക്, ജോര്‍ദാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുളക്, കാബേജ്, ചീര, വഴുതന, പയര്‍, കോളിഫ്ളവര്‍ തുടങ്ങിയവയാണ് പ്രധാനമായും വിലക്കിന് വിധേയമായിരിക്കുന്നത്. അടുത്ത മാസം 24 വരെ ഈ ഇനത്തില്‍ പെട്ട ഒന്നും തന്നെ ഇറക്കുമതി ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കില്ല. മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ശക്തമായി ഭക്ഷ്യ സുരക്ഷാ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ദോഹയിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.