മലപ്പുറം: നാല്‍പതുകാരിയായ സ്ത്രീയോടൊപ്പം ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ചങ്ങരംകുളം പോലീസാണ് കേസെടുത്തത്. തിയേറ്ററില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് മലപ്പുറത്തെ തീയേറ്ററില്‍ നടന്ന പീഡനം പുറത്ത് വിട്ടത്. ആഡംബര വാഹനത്തില്‍ വന്ന ഒരാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഏപ്രില്‍ 26 ന് തീയേറ്റര്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പോലീസ് ഇതുവരെയും കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിടുന്നത്. പ്രതി തൃത്താല സ്വദേശി മൊയ്തീനാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറത്തെ തിയേറ്ററില്‍ ഏപ്രില്‍ 18നാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്.
മധ്യവയസ്സ് പ്രായമുള്ള ഒരാളാണ് കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്യുന്നത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീ അമ്മയാണെന്നാണ് സൂചന. ഈ സ്ത്രീക്ക് 40 വയസ്സോളം പ്രായം വരും. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല. പീഡിപ്പിച്ചയാള്‍ക്ക് ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിപ്പിക്കും. ബെന്‍സ് വാഹനത്തിലാണ് പീഡിപ്പിച്ചയാള്‍ എത്തിയത്.
കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് കൂടെയുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്. തിയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സിനിമ തിയേറ്ററില്‍ ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം: ഗത്യന്തരമില്ലാതെ ചങ്ങരംകുളം പോലീസ് കേസെടുത്തു