ജയിലിൽ തോക്കുമായി കൊലക്കേസ് പ്രതികൾ; കളിമൺ തോക്കെന്ന് സർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing ജയിലിൽ തോക്കുമായി കൊലക്കേസ് പ്രതികൾ; കളിമൺ തോക്കെന്ന് സർക്കാർ

ജയിലില്‍ തടവുകാരിൽ നിന്ന് മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്ത സംഭവം കേരളത്തിൽ വൻ വിവാദമായി മാറുമ്പോൾ യു.പിയിലും സമാനമായ വിവാദം. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിൽ നിന്ന് ഫോണുകളും സിമ്മുകളും പിടിച്ചെടുത്തതാണ് രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചതെങ്കിൽ ഉത്തര്‍ പ്രദേശിലെ ഉന്നാവ ജില്ലാ ജയിലില്‍ തടവുകാര്‍ തോക്കുപയോഗിക്കുന്ന വിഡിയോ ആണ് യു.പി സർക്കാരിനെ പ്രതിരോധത്തിലാക്കിയത്.

തോക്ക് ഉപയോഗിച്ച് തടവുകാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ സംഭവത്തിനു തൊട്ടുപിന്നാലെ സർക്കാരിന്‍റെ ഔദോഗിക വിശദീകരണം വന്നു. കളിമണ്ണു കൊണ്ട് തടവുകാർ ഉണ്ടാക്കിയെടുത്ത തോക്കാണ് ഉപയോഗിച്ചതെന്നും മികച്ച ചിത്രകാരൻമാരായ രണ്ട് തടവുകാരാണ് തോക്കിനു നിറം നൽകിയെന്നുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണത്തിൽ ഞെട്ടിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

മീററ്റിൽ നിന്നുള്ള അമരീഷ്, ലക്നൗവിൽ നിന്നുള്ള ഗൗരവ് എന്നിവരാണ് ജയിലിൽ തോക്ക് ഉപയോഗിച്ചത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ജയിലിൽ തടവുകാർ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പുറത്ത് നിന്ന് തടവുകാർക്കായി ഭക്ഷണം എത്തിച്ചിട്ടില്ലെന്നും സാധാരണ ഭക്ഷണമാണ് തടവുകാർക്ക് നൽകുന്നതെന്നും ജയിൽ അധികൃതർ പ്രതികരിച്ചു. വിഡിയോ പ്രചരിച്ചതിനു പിന്നാലെ സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെന്നും അന്വേഷണം നടത്തുമെന്നും അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ പ്രതികരിച്ചു.

0Shares