ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും കാണാതായ രത്‌നങ്ങള്‍ പതിപ്പിച്ച തിരുവാഭരണങ്ങള്‍ കണ്ടെത്തി. ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ തുറന്നപ്പോള്‍ അതിനുള്ളില്‍ നിന്നാണ് നഷ്ടപ്പെട്ട തിരുവാഭരണങ്ങള്‍ കണ്ടെത്തിയത്. തിരുവാഭരണം കാണാതായതിന് ശേഷം രണ്ടു വട്ടം കാണിക്ക വഞ്ചികള്‍ തുറന്നപ്പോളൊന്നും അതിനകത്ത് തിരുവാഭരണം ഉണ്ടായിരുന്നില്ല. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പ്രധാന തിരുവാഭരണമായ മാല ലഭിച്ചത്. ഗണപതി നടയിലെ ഭണ്ഡാരത്തില്‍ നിന്നാണ് പതക്കം ലഭിച്ചത് രണ്ട് തിരുവാഭരണത്തിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരുവാഭരണം തിരിച്ചു കിട്ടിയത്.

തിരുവാഭരണത്തിലെ മൂന്നു മാലകളില്‍ രണ്ടാം നിര മാലയും പതക്കവുമാണു നഷ്ടപ്പെട്ടിരുന്നത്. ചെമ്പകശ്ശേരി രാജാവിന്റെ കാലത്താണ് അമൂല്യമായ ആഭരണം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. അമ്പലത്തിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണത്തിന് എട്ടു തോല 18.5 പണമിട ഏകദേശം 98 ഗ്രാം (12 പവന്‍) തൂക്കമുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളില്‍ മാത്രമാണു തിരുവാഭരണം പുറത്തെടുക്കാറുള്ളത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാണ് ഇവ മേല്‍ശാന്തിക്കു കൈമാറുന്നത്. കഴിഞ്ഞ ഉത്സവത്തിനു നല്‍കുകയും തിരികെ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് വിഷുവിനും ചാര്‍ത്താന്‍ നല്‍കിയിരുന്നുവെങ്കിലും ചാര്‍ത്തിയില്ല. ഇതില്‍ സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് തിരുവാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.