Categories
articles entertainment

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സംഘപരിവാര്‍ പ്രതിഷേധവും; സിനിമയുടെ വിവാദങ്ങളിലേക്ക് ഒരു എത്തിനോട്ടം

ഈ കലാപം ലെനിന്‍റെ ശ്രദ്ധയിലുംപെടുകയുണ്ടായി. ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ഹിന്ദു- മുസ്‌ലിം ഐക്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ലെനിന്‍ തന്നെ പിന്നീട് രേഖപ്പെടുത്തിയിട്ടുമുണ്ട്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കേരള ചരിത്രത്തില്‍ കാലനെ പോലും വിസ്മയിപ്പിച്ച പോരാളിയാണ് ഈ മനുഷ്യന്‍. പിന്നില്‍ നിന്നും വെടിവെച്ച് കൊല്ലുന്ന രീതി മാറ്റി മുന്നില്‍ നിന്നും വെടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധീര മരണം ചോദിച്ച് വാങ്ങിയ വീരനാണദ്ദേഹം. ഈ പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍, ആഷിഖ് അബുവിനെന്നല്ല ആര്‍ക്കും തന്നെ അവകാശമുണ്ട്. അതിനെ എതിര്‍ക്കുന്നവര്‍ പഴയ ഫ്യൂഡല്‍ മനസ്സാണ് പ്രതിഫലിപ്പിക്കുന്നത്.

ഒരു കണക്കില്‍ പറഞ്ഞാല്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ട ചരിത്രം മലബാറിന്റെ ധീര ചരിത്രം കൂടിയാണ്. 1921 എന്ന മമ്മൂട്ടി സിനിമയില്‍ ടി.ജി രവിയിലൂടെ ചെറിയ ഒരു റോളില്‍ ഒതുക്കപ്പെട്ട കഥാപാത്രമാണ് പൃഥ്വിരാജിലൂടെ ഇപ്പോള്‍ കേന്ദ്ര കഥാപാത്രമായി മാറാന്‍ പോകുന്നത്. ഇതിനെതിരെയാണ് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള വലിയ കടന്നുകയറ്റമാണിത്. ഒരു ജനാധിപത്യ രാജ്യത്ത് ഇതൊരിക്കലും ഭൂഷണമല്ല. ചരിത്ര സംഭവങ്ങള്‍ മാത്രമല്ല, ഇത്തരം പോരാളികളും രാഷ്ട്രിയ നേതാക്കളുമെല്ലാം കേന്ദ്ര കഥാപാത്രങ്ങളായ, നിരവധി സിനിമകള്‍ മുമ്പും ഈ നാട്ടില്‍ ഇറങ്ങിയിട്ടുണ്ട്.

എന്തിനേറെ, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നരേന്ദ്ര മോദിയെ കേന്ദ്ര കഥാപാത്രമാക്കി വരെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നാരും തന്നെ ഇത്തരത്തില്‍ ഹീന പ്രചരണങ്ങളുമായി രംഗത്ത് വന്നിട്ടില്ല. മോദിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച താരത്തെയും, സംവിധായകനെയും ഇങ്ങനെ വേട്ടയാടിയിട്ടുമില്ല. ആഷിഖ് അബുവിനെതിരെയും പൃഥ്വിരാജിനെതിരെയും നിലവില്‍ നടക്കുന്നത് ശരിക്കും വ്യക്തിഹത്യ തന്നെയാണ്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പേടിച്ച് കൊണ്ടോട്ടി തങ്ങള്‍ ബ്രിട്ടീഷ് കാര്‍ക്ക് എഴുതിയ കത്തും ചരിത്രമാണ്. ഇതും ഹിന്ദുക്കളെ മാത്രം വേട്ടയാടി എന്ന പ്രചരണത്തിന്‍റെ മുനയൊടിക്കുന്ന മറ്റൊരു സംഭവമാണ്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരിക്കലും ഒരു ഹിന്ദു വിരുദ്ധന്‍ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ അനുയായികളില്‍ ചിലര്‍ ക്രൂരമായി പെരുമാറിയത് കാണാതെ പോകാനും ഈ ഘട്ടത്തില്‍ കഴിയുകയില്ല. നേതൃത്വത്തെ ധിക്കരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നത് ഓര്‍മ്മിപ്പിക്കുന്ന സംഭവംകൂടിയാണിത്.

അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാല്‍ അവരെ താന്‍ തന്നെ ശിക്ഷിക്കുമെന്ന മുന്നറിയിപ്പാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നല്‍കിയിരുന്നത്. ‘ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. നമുക്ക് ഇത് മുസല്‍മാന്റെ രാജ്യമാക്കാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു’. പിന്നീട് കോണ്‍ഗ്രസും മുസ്‌ലിം ലീഗും മലബാര്‍ കലാപത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതിന്‍റെ പ്രാധാന്യം സാര്‍വദേശീയ തലത്തില്‍ത്തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയിരുന്നത് കമ്യൂണിസ്റ്റുകാരാണ്. ഈ കലാപം ലെനിന്‍റെ ശ്രദ്ധയിലുംപെടുകയുണ്ടായി. ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ഹിന്ദു- മുസ്‌ലിം ഐക്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ലെനിന്‍ തന്നെ പിന്നീട് രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഈ നാടിന്‍റെ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ് പോവുക എന്ന സിനിമാ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ നിരീക്ഷണം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്. ഷൂട്ടിങ്ങിനായി സ്ഥാപിച്ച പള്ളി പൊളിച്ചവരുടെ ആശയം തന്നെയാണ് ‘വാരിയംകുന്നന്‍റെ’ സിനിമയെയും ഇപ്പോള്‍ വേട്ടയാടി കൊണ്ടിരിക്കുന്നത്. ആഷിഖ് അബുവിനെയും പൃഥ്വിരാജിനെയും കലാകാരാന്‍മാരായി മാത്രമാണ് കാണാന്‍ ശ്രമിക്കേണ്ടത്. ഇവരെ ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ ഒരിക്കലും വീക്ഷിക്കരുത്. അത് കേരളത്തിന്‍റെ പാരമ്പര്യത്തിന് എതിരാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest