Categories
Kerala news sports trending

വിന്നേർസ് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ്‌ വോളിബോൾ ടുർണമെന്റ്റിന് ഫെബ്രുവരി19ന് തുടക്കമാകും; ചെർക്കളയിൽ ഒരുക്കൽ പൂർത്തിയായി

കാസർകോട്: വിന്നേർസ് ചെർക്കളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വിന്നേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണ്ണമെന്റ് 2025 ഫെബ്രുവരി 19 മുതൽ 23 വരെ ചെർക്കളയിൽ നടക്കും. ചെങ്കള ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് പിറകുവശം പ്രത്യേകം സജ്ജീകരിച്ച അൻഞ്ച്ഞ്ജൂo സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. മത്സരങ്ങൾ വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തിനകത്തെ അന്താരാഷ്ട്ര കായിക താരങ്ങൾ അടങ്ങിയ വോളിബോൾ കോർട്ടിലെ അതിപ്രഗത്ഭരായിട്ടുള്ള പഞ്ചാബ് കമ്മാന്റോ, ഇന്ത്യൻ എയർഫോഴ്സ്, കസ്റ്റംസ്, ഇന്ത്യൻ ആർമി, കെ.എസ്ഇ.ബി, മുംബൈ സ്‌പൈക്കേഴ്സ്, കേരള പോലീസ്, ബി.പി.സി.എൽ എന്നിവരും കേരളത്തിലെ പ്രഗത്ഭരായ യൂണിവേഴ്സിറ്റി താരങ്ങൾ ഉൾപ്പെടുന്ന സെയിന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഡി.ഐ.എസ്.ടി കോളേജ് അങ്കമാലി, സി.എം.എസ് കോളേജ് കോട്ടയം, സെയിന്റ് സ്റ്റീഫൻസ് കോളേജ് പാലാ എന്നീ പ്രമുഖ ടീമുകളാണ് കാണികൾക്ക് ഹരം പകരാൻ കളിക്കളത്തിൽ ഇറങ്ങുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജെറോം വിനീത്, അകിൻ ജാസ്, പങ്കജ് ശർമ്മ, റഹീം, സേതു, ഹെറിൻ വർഗീസ്, രാഹുൽ, ജോൺ ജോസഫ്, സോൻടി ജോൺ, ഷമീം തുടങ്ങിയ അന്താരാഷ്ട്ര താരങ്ങൾ വിവിധ ടീമുകൾക്കായി കോർട്ടിൽ ഇറങ്ങും.

അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോളി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും കേരള സ്റ്റേറ്റ് വോളീബോൾ അസോസിയേഷൻ്റെയും കാസർകോട് ജില്ലാ വോളീബോൾ അസോസിയേഷൻ്റെയും അനുമതിയോടും സഹകരത്തോടും കൂടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് മുഖേന ടൂർണമെന്റ് പൂർണ്ണമായും ഇൻഷൂർ ചെയ്തിട്ടുണ്ട്. പോലീസ്, പി.ഡബ്ളിയു.ഡി, ഫയർ ആൻഡ് റെസ്‌ക്യു, മെഡിക്കൽ ഹെൽത്ത്‌, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഗ്രാമ പഞ്ചായത്ത്‌ തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ അനുമതികൾ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഇൻവിറ്റേഷൻ കപ്പ് അഖിലേന്ത്യ ടൂർണമെന്റിൽ 4000 പേർക്ക് നേരിട്ട് കളി കാണാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ്സ് മുഖേന നിയന്ത്രിക്കും. ഉൽഘാടന മത്സരത്തിൽ ബി.പി.സി.എൽ, ഇന്ത്യൻ എയർഫോഴ്സിനെ നേരിടും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ഷുക്കൂർ ചെർക്കളം, വിന്നേഴ്സ് ചെർക്കള പ്രസിഡന്റ്‌ സി.വി ജെയിംസ്, ജില്ലാ വോളീബോൾ അസോസിയേഷൻ സെക്രട്ടറി വി.വി വിജയ മോഹനൻ, സംഘാടക സമിതി ഭാരവാഹികളായ നാസർ ചെർക്കളം, സലാം ചെർക്കള, നൗഷാദ് ചെർക്കള, ബച്ചി ചെർക്കള, സിദ്ധ ചെർക്കള, നിസ്സാർ ടി.എം അറന്തോട് എന്നിവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *