
ന്യൂസ് ഡെസ്ക്: നാവെടുത്തൽ വർഗ്ഗീയം മാത്രം പറഞ്ഞിരുന്ന വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ സന്ദർശിച്ചതിൽ വ്യാപക പ്രതിഷേധം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യുഡിഎഫ് മന്ത്രി സന്ദർശിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിർ രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞടുപ്പിന് മുമ്പ് യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞയാളെ അങ്ങോട്ട് ചെന്ന് കണ്ടത് നിഷ്കളങ്കമായി കാണാൻ കഴിയില്ല. ഭരണം വെറുതെ കിട്ടിയതല്ലെന്നും യൂത്ത് ലീഗ് നേതാവിൻ്റെ മുന്നറിയിപ്പുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂത്ത് ലീഗ് നേതാവിൻ്റെ പ്രതികരണം. അതേസമയം ബിന്ദു കൃഷ്ണയുടെ സന്ദർശനത്തിൽ കോൺഗ്രസിലും എതിർപ്പുകളുണ്ട്. മാധ്യമ പ്രവർത്തകർ കാര്യങ്ങൾ തിരക്കിയപ്പോൾ മന്ത്രി ഒഴിഞ്ഞുമാറിയതും മന്ത്രിക്കെതിരെ വിമർശനം ഉയരാൻ കൂടുതൽ കാരണമായി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളി നടേശൻ്റെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയർന്നത്. മതേതര കേരളത്തിൽ സദാ വർഗീയം പറയുന്നവരുടെ അനുഗ്രഹം മതേതര പാർട്ടിയായ കോൺഗ്രസ് മന്ത്രിക്ക് എന്തിനെന്നും ചോദ്യം ഉയരുകയാണ്.
