ട്രംപ് നൽകിയ മുന്നറിയിപ്പ് ബന്യമിൻ നെതന്യാഹു ചെവികൊണ്ടില്ല; ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു..

  • Post category:news
  • Reading time:1 min read
You are currently viewing ട്രംപ് നൽകിയ മുന്നറിയിപ്പ് ബന്യമിൻ നെതന്യാഹു ചെവികൊണ്ടില്ല; ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു..

ന്യൂസ് ഡെസ്ക്: അമേരിക്ക- ഇറാൻ വെടിനിർത്തൽ ചർച്ചകൾക്കും ഇറാൻ്റെ കർശന മുന്നറിയിപ്പുകൾക്കുമിടയിലും തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം ഇസ്രായേലിന് ട്രംപ് നൽകിയ മുന്നറിയിപ്പ് വകവെക്കാതെയാണ് ആക്രമണം. നഗരങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശത്തെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് ഇസ്രായേൽ പറയുന്നുണ്ടെങ്കിലും മിസൈലുകളും ഡ്രോണുകളും ചെന്നുപതിക്കുന്നത് ജനവാസ മേഖലകളിലാണ്. നബാത്തിയ നഗരത്തിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. സൂറിലെ അൽ-അബ്ബാസിയ, അൽ-റമാദിയ എന്നീ പ്രദേശങ്ങളും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തു. ജനവാസ മേഖലകൾക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായതെന്നും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വ്യോമാക്രമണത്തിന് പിന്നാലെ തെക്കൻ അതിർത്തിയിലൂടെ കരമാർഗ്ഗം മുന്നേറാൻ ശ്രമിച്ച ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല ശക്തമായി തിരിച്ചടിച്ചു. ഇസ്രായേലിൻ്റെ സൈനിക താവളങ്ങൾക്കും ടാങ്കറുകൾക്കും നേരെ ഹിസ്ബുല്ല വൻതോതിൽ റോക്കറ്റാക്രമണം നടത്തി. ലബനാൻ മണ്ണിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന ഇസ്രായേൽ സൈനികരെ സർവ്വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് ഹിസ്ബുല്ല വക്താക്കൾ വ്യക്തമാക്കുന്നു. അതേസമയം കഫർ സിർ ടൗണിലും ഇസ്രായേൽ സൈന്യം പ്രവേശിച്ചു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.

0Shares