
അഡൂർ(കാസറഗോഡ്): ദേലംപാടി ഗ്രാമ പഞ്ചായത്തിലെ അഡൂർ സഞ്ചക്കടവിൽ വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 2 കുട്ടികൾക്ക് ദാരുണ അന്ത്യം. പുതിയ വീടിൻ്റെ ചുറ്റുമതിലിന് അരികെ റോഡിനോട് ചേർന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുമേൽ മതിൽ ഇടിഞ്ഞുവീഴുകയാണുണ്ടായത്. അബുബക്കർ – സൗധ ദമ്പതികളുടെ മക്കളായ മുസമ്മിൽ (8), മുൻസിർ (5) എന്നി സഹോദരങ്ങളാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന 1 കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച, വൈകുന്നേരം 5 മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ അപകടം സംഭവിച്ചത്. വൻ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞ് എത്തിയ ആദൂർ പോലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. താജുദ്ദീൻ എന്നവരുടെ വീടിൻ്റെ ചെങ്കൽ മതിലാണ് ഇടിഞ്ഞത്. താജുദ്ദീൻ്റെ മകൻ 14 വയസ്സുകാരനാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അപകട വിവരമറിഞ്ഞ് നിരവധിപേരാണ് സംഭവസഥലത്തേക്ക് എത്തിയിട്ടുള്ളത്. അപ്രതീക്ഷിത അപകടം നാടിനെ ദുഃഖത്തലാഴ്ത്തിയിട്ടുണ്ട്.
