
ഇന്റർനാഷണൽ ഡെസ്ക്: മൊറോക്കോയുമായുള്ള അതിർത്തി ഭേദിച്ച് ആയിരക്കണക്കിന് ആളുകൾ സ്പെയിനിൻ്റെ അധീനതയിലുള്ള “സ്യൂട്ട” (Ceuta) എന്ന ചെറിയ പ്രദേശത്തേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന് യുറോപിയൻ യൂണിയൻ രാജ്യങ്ങൾക്കിടയിൽ അസ്വാസ്ഥത രൂപപ്പെട്ടു. സ്പെയിനിലേക്ക് രേഖകളില്ലാതെ കയറികൂടുന്ന ഭയാർത്ഥികൾ ഷെങ്കൻ രാജ്യങ്ങൾക്കും ഭീഷണിയാകുന്നു എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിൽ അതിർത്തി നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദമുള്ള 29 രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് ഷെങ്കൻ പ്രദേശം. ഈ രാജ്യങ്ങളിലേക്ക് കടക്കാനാണ് വടക്കേ ആഫ്രിക്കയിലെ മൊറോക്കോയിൽ നിന്നും ആളുകൾ അതിർത്തി കടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്പെയിനിലെ സ്യൂട്ട പ്രദേശത്തേക്ക് ആയിരങ്ങളാണ് പ്രവേശിച്ചത്. കടൽ മാർഗം എത്തുന്ന അഭയാർത്ഥികൾ അതിർത്തിയിലെ സുരക്ഷാ മേഖലയിലെ കവചങ്ങൾ തകർത്ത് സ്പൈനിലേക്ക് കടന്നു.


പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം ഇങ്ങനെ രാജ്യം കടന്നത് എന്നാണ് റിപ്പോർട്ടുകൾ. വ്യാഴം വെള്ളി ദിവസങ്ങളിൽ അതിർത്തി കടക്കാൻ ശ്രമിച്ചവരിൽ 18 പേര് കൊല്ലപ്പെട്ടു എന്നാണ് വിവരം. കടലിടുക്കിലൂടെ നീന്തി കടക്കുമ്പോൾ മുങ്ങിമരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്പെയിൻ അതിർത്തിയിൽ ഇപ്പോൾ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. മൊറോക്കോ അതിർത്തിയിൽ സുരക്ഷാ ശക്തമാക്കാനും അഭയാർത്ഥികളെ തടയാനും യൂറോപിയൻ യൂണിയൻ നിർദേശം നൽകി. യൂറോപിയൻ യൂണിയൻ സ്പെയിൻ സർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. അഭയാർത്ഥികളെ തടഞ്ഞില്ലെങ്കിൽ ഷെങ്കൻ രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടിയിൽ നിന്നും പുറത്താക്കും എന്ന കർശന നിർദ്ദേശവും നല്കിയതായുള്ള വാർത്തയും പുറത്ത് വരുന്നുണ്ട്.

തങ്ങളുടെ പ്രദേശത്തേക്ക് കടന്നുവന്ന എല്ലാവരെയും “കഴിയുന്നത്ര വേഗത്തിൽ” തിരിച്ചയക്കുന്നത് ഉറപ്പാക്കാൻ മൊറോക്കോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സ്യൂട്ട ഭരണകൂടവും സ്പെയിൻ അധികാരികളും പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊറോക്കോയുടെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സ്യൂട്ട, ജിബ്രാൾട്ടർ കടലിടുക്ക് വഴി സ്പെയിനിലേക്ക് കടക്കാനാണ് അഭയാർത്ഥികൾ ശ്രമം നടത്തുന്നത്. വർഷങ്ങളായുള്ള കുടിയേറ്റക്കാരുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഈ പ്രദേശം. ചെറിയ രീതിയിൽ അഭയാർത്ഥികൾ അതിർത്തി കടക്കുമെങ്കിലും അവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി തിരിച്ച് നാട്ടിലേക്ക് അയക്കുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസത്തെ കടന്നു കയറ്റം കൈവിട്ട രീതിയിലേക്ക് മാറി. ഇവിടം ഇപ്പോൾ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി കടക്കുന്ന ആളുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. അഭയാർത്ഥികൾക്ക് അനുകൂല വിധി കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ഉണ്ടായതായും അതിന് പിന്നാലെയാണ് ആളുകളുടെ കുത്തൊഴുക്ക് എന്നുമാണ് വിവരം. സ്പെയിൻ അതിർത്തിയിൽ സുരക്ഷാ വർധിപ്പിച്ചെങ്കിലും ആളുകളുടെ സുരക്ഷയും ഉറപ്പ് വരുത്തുണ്ട്. എന്നാൽ അഭയാർഥികളിൽ ചിലർ അക്രമ സ്വഭാവം കാണിക്കുന്നത് വിനയാകുന്നു. അതിർത്തി കടന്നവരിൽ കൂടുതലും യുവാക്കളാണ്. യുവതികളും കുട്ടികൾ അടങ്ങുന്ന കുടുംബവും അതിർത്തി കടന്നവരിൽ ഉൾപ്പെടുന്നു.
