
തിരുവനന്തപുരം: കോർപറേഷൻ ഭരണം നിലനിർത്താൻ അനുനയ നീക്കവുമായി ബി.ജെ.പി. മുൻ ഡിജിപിയും നിലവിലെ ബിജെപി തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ പ്രതിസന്ധിയിലാണ് ബിജെപി നേതൃത്വം. രാജിക്കത്തിൽ പ്രതികരണവുമായി മേയർ വി.വി രാജേഷ് രംഗത്ത് വന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ സൂചിപ്പിച്ച് ശ്രീലേഖ നൽകിയ കത്ത് തനിക്ക് ലഭിച്ചതായി മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ രാജിക്കത്ത് നൽകേണ്ടത് സെക്രട്ടറിക്കെന്ന് മേയർ പറഞ്ഞു. രാജിക്കത്ത് നിയമപരമായി കൈമാറേണ്ടത് നഗരസഭാ സെക്രട്ടറിക്കാണെന്നെന്നും രാജിക്ക് പിന്നിൽ മറ്റു രാഷ്ട്രീയ ഇടപെടൽ ഉള്ളതായി അറിവില്ല എന്നും രാജേഷ് പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെന്ന് പറയുന്നത് ഒരു ജനപ്രതിനിധിയുടെ വീഴ്ചയായി കാണാനാകില്ലെന്നും വി.വി രാജേഷ് കൂട്ടിച്ചേർത്തു. അതേസമയം, രാജി പ്രഖ്യാപിച്ച ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. രാജിക്കത്ത് സ്വീകരിക്കാതെ അനുനയിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തുമെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർ ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചിതെങ്കിലും രാഷ്ട്രീയ കാര്യങ്ങൾ ഉണ്ടെന്നാണ് വിവരം. രാജി കാര്യം ഇടതും വലതും ഒരുപോലെ നിരീക്ഷിക്കുകയാണ്.
