Categories
Kerala news

കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്; ഒന്നാം പ്രതി ഭർത്താവെന്ന് പോലീസ്, കൊലക്കുറ്റം ചുമത്തി

കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്‌തതെന്നോ എഫ്ഐആറിൽ പറയുന്നില്ല

ആലപ്പുഴ: മാന്നാറിലെ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചാണെന്ന് പോലീസ്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലനടത്തിയത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി.

2009ലാണ് കൊലപാതകം നടക്കുന്നത്. അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തി എന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്‌തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്‌തതെന്നോ എഫ്ഐആറിൽ പറയുന്നില്ല.

നിലവിൽ ഇസ്രയേലിലാണ് അനിൽ. ഇയാളുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. അനിലിനെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി എസ്.പി പറഞ്ഞു.

കല കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയി എന്നാണ് അനിലും കുടുംബവും പ്രചരിപ്പിച്ചിരുന്നു. തുടർന്ന് കലയുടെ വീട്ടുകാരും പൊലീസിൽ പരാതി നൽകിയിരുന്നില്ല.

2008-2009 കാലഘട്ടത്തിലാണ് മാന്നാറില്‍ നിന്ന് കലയെ കാണാതായത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ മൂന്നു മാസം മുമ്പ് ലഭിച്ച ഊമക്കത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അനിലിൻ്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് യുവതിയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്‌തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

സെപ്റ്റിക് ടാങ്കില്‍ നിന്ന് ഒരു സ്ത്രീയുടേതെന്ന് കരുതുന്ന ഒരു ലോക്കറ്റും, ക്ലിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest