
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡി.എം.കെ.യ്ക്ക് ചെക്ക് വെക്കനൊരുങ്ങി ടി.വി.കെ. വിജയിയുടെ ഭരണത്തിണ് പിന്തുണ നൽകിയ ചെറു പാർട്ടികളെ ഒരുമിപ്പിച്ച് സഖ്യമുണ്ടാക്കാനാണ് വിജയ് ശ്രമിക്കുന്നത്. ഡി എം കെ സഖ്യം ഉപേക്ഷിച്ച് ചെറു പാർട്ടികൾ വിജയുടെ ടി വി കെ ഭരണത്തിന് നിരുപാധികം പിന്തുണ നൽകിയിരുന്നു. ചെറു പാർട്ടികൾ സഖ്യം ഉപേക്ഷിച്ചത് ഡി.എം.കെക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ വിജയ് സർക്കാരിനെ താഴെയിറക്കാൻ എം കെ സ്റ്റാലിൻ അണിയറയിൽ നീക്കങ്ങൾ ആരംഭിച്ചു. ഉടൻ ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാകണമെന്ന് കഴഞ്ഞ ദിവസം അണികളോട് ആവശ്യപ്പെട്ടു. വിജയ് ഭരണം 3 മാസം, കൂടിയാൽ ആറുമാസം അതിനിടെ ഒരു തെരഞ്ഞെടുപ്പ് വരും എന്നാണ് സ്റ്റാലിൻ പറഞ്ഞത്. പ്രവർത്തനം സജീവമാക്കണം, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാൽ മാത്രം സജീവമാകുന്ന രാഷ്ട്രീയം മാറണം. പ്രവർത്തകർ എല്ലാവരും സാദാ സജ്ജരാകണമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വിജയ് രാഷ്ട്രീയ നീക്കത്തിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. എതിർ ചേരിയിലുള്ളവരെ കൂടുകൂട്ടാൻ വിജയ് ചരടുവലിക്കുന്നു. പ്രതിപക്ഷ നിരയിലുള്ള വി.സി.കെ, ഡി.എം.കെ സഖ്യം ഉപേക്ഷിച്ച് ഭരണപക്ഷമായ ടി.വി.കെയുമായി ഔദ്യോഗികമായി കൈകോർക്കുന്നതും ഇതിൻ്റെ ഭാഗമാണ്. ഇതിനിടെ മുഖ്യ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയിൽ നിന്നും ഭരണപക്ഷത്തേക്കുള്ള ഒഴുക്കും തുടരുകയാണ്. മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രിയും കരൂർ എം.എൽ.എയുമായ എം.ആർ വിജയഭാസ്‌കർ കഴിഞ്ഞ ദിവസം നിയമസഭാംഗത്വം രാജിവെച്ച് വിജയ്‌യുടെ ടി.വി.കെയിൽ ചേർന്നതും തമിഴ് രാഷ്ട്രീയത്തിൽ ഞെട്ടലുണ്ടാക്കി. ഇതുവരെ ആറ് എം.എൽ.എമാരാണ് എ.ഐ.എ.ഡി.എം.കെയിൽ നിന്ന് രാജിവെച്ച് വിജയ്ക്കൊപ്പമെത്തിയത്.
കാര്യങ്ങളിൽ ഒരു തീരുമാനം കൈക്കൊള്ളാൻ വിജയ് സഖ്യകക്ഷികളുടെ യോഗം വിളിച്ചു. അടുത്ത ദിവസം നടക്കുന്ന യോഗത്തിൽ വി.സി.കെ, കോൺഗ്രസ്സ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, എം.ഡി.എം.കെ പാർട്ടികളെയും ടി.വി.കെ ക്ഷണിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിവികെയുടെ നീക്കം. ടി.വി.കെ ജനറൽ സെക്രട്ടറിയും ഗ്രാമവികസന-ജലവിഭവ വകുപ്പ് മന്ത്രിയുമായ എൻ. ആനന്ദ്, തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറിയും പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയുമായ ആദവ് അർജുന എന്നിവർ നേരിട്ടെത്തിയാണ് സഖ്യകക്ഷി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചത്. തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പിന്തുണച്ച സഖ്യകക്ഷികൾക്ക് മുഖ്യമന്ത്രി വിജയ് കത്തിലൂടെ നന്ദി അറിയിച്ചിരുന്നു. എന്നാൽ നേരിട്ട് യോഗം ചേർന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംയുക്ത യോഗം ചേരുന്നത് എന്നാണ് പറയുന്നത്. എന്നാൽ വിജയുടെ നടത്തുന്ന പുതിയ നീക്കത്തിലൂടെ തമിഴ് രാഷ്ട്രീയത്തിൽ പഴയ പാർട്ടികൾക്ക് അടിപതറും എന്നത് ഉറപ്പാണ്.
