‘സ്റ്റെപ്പ് അപ്’ പദ്ധതിക്ക് കാസർകോട് ഗവ. കോളേജിൽ തുടക്കം; ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർവ്വഹിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ‘സ്റ്റെപ്പ് അപ്’ പദ്ധതിക്ക് കാസർകോട് ഗവ. കോളേജിൽ തുടക്കം; ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർവ്വഹിച്ചു

കാസർഗോഡ്: കോളേജ് വിദ്യാർത്ഥികളിൽ സംരംഭകത്വ അഭിരുചി വളർത്തുന്നതിനും നൂതന ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് ജില്ലാകളക്ടർ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ വ്യവസായ കേന്ദ്രം നടപ്പാക്കുന്ന ‘സ്റ്റെപ്പ് അപ്’ (STEP UP – Students Entrepreneurship Program for Uplifting the Youth) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ഗവൺമെന്റ് കോളേജിൽ നടത്തി സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്. കോളേജ് വിദ്യാർത്ഥികളിൽ സംരംഭകത്വ അഭിരുചി വളർത്തുന്നതിനും നൂതന ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടാണെന്ന് ജില്ലാ ഭരണ സംവിധാനം ജില്ലാവ്യവസായ കേന്ദ്രവുമായി സഹകരിച്ച് ഈ ബോധവൽക്കരണ പരിപാടി നടപ്പിലാക്കുന്നതെന്ന് കളക്ടർ ആവർത്തിച്ചു. ചടങ്ങിൽ കാസർകോട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.വി.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് കോളേജ് IQAC കോ-ഓർഡിനേറ്റർ പ്രൊഫ. ഡോ. പി പുഷ്പലത സംസാരിച്ചു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ ക്ലാസിന് ഹോസ്ദുർഗ് ഉപജില്ലാ വ്യവസായ ഓഫീസർ ആർ.കെ സ്മിത നേതൃത്വം നൽകി. അനന്തപുരം കൊക്കോക്രാഫ്റ്റ് ചോക്ലേറ്റ്സ് സംരംഭകരായ രത്നാകരൻ നമ്പ്യാർ, രാജി നമ്പ്യാർ എന്നിവർ തങ്ങളുടെ സംരംഭക അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

ജില്ലയിലെ ആദ്യത്തെ ക്യാമ്പസ് വ്യവസായ പാർക്കിന് അനുമതി ലഭിച്ച ചീമേനി IHRD കോളേജിനെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്കുമാർ സ്വാഗതവും കോളേജ് കൊമേഴ്സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ കെ ശുഭ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് വിവിധ സംരംഭകത്വ സാധ്യതകളും സർക്കാർ നൽകുന്ന പിന്തുണയും പരിചയപ്പെടുത്തുക, സംസ്ഥാന സർക്കാരിൻ്റെ സംരംഭക സഹായ പദ്ധതികൾ, ലൈസൻസ് നടപടിക്രമങ്ങൾ, വിവിധ വകുപ്പുകൾ മുഖേന ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

0Shares