വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗം; പടർന്നത് സ്കൂളിൽ നിന്നോ.? ജാഗ്രതയോടെ ആരോഗ്യവകുപ്പ്; മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു; സംഭവം കൂടുതൽ അറിയുമ്പോൾ..

  • Post category:local news / news
  • Reading time:1 min read
You are currently viewing വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗം; പടർന്നത് സ്കൂളിൽ നിന്നോ.? ജാഗ്രതയോടെ ആരോഗ്യവകുപ്പ്; മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു; സംഭവം കൂടുതൽ അറിയുമ്പോൾ..

കൽപറ്റ: വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നതതലയോഗം ചേർന്നു. മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂടുതൽ ജാഗ്രതപാലിക്കാൻ തീരുമാനം. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന് മന്ത്രി നിർദേശം നൽകി. മുൻകരുതൽ സ്വീകരിക്കാനുള്ള ബോധവത്കരണം ഇന്ന് തുടങ്ങും. രോഗം റിപ്പോർട്ട് ചെയ്ത കോളിയാടിയോട് ചേർന്നുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും പ്രത്യേക യോഗം ചേരാനും തുടർനടപടി സ്വീകരിക്കാനും നിർദേശം നൽകി. കിണറുകൾ സ്പെഷ്യൽ ഡ്രൈവിലൂടെ ക്ലോറിനേഷൻ നടത്തും. കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്‌കൂളുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കും. ഡിസ്ചാർജ് ചെയ്ത കുട്ടികളിൽ ചിലർ വീണ്ടും രോഗലക്ഷണം പ്രകടിപ്പിച്ചതിനാൽ അവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്‌കൂളുകളിൽനിന്ന് ജലപരിശോധന നടത്തിയതിൽ വീഴ്ച വന്നോ എന്ന് പരിശോധിക്കും. പരിശോധനയിൽ ഒരു വീഴ്ചയും പാടില്ലെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കോളിയാടി സ്‌കൂളിലെ കുട്ടികളുമായി സമ്പർക്കം വഴി 14 പേർക്ക് കൂടി രോഗലക്ഷണം ഉണ്ടായി എന്നാണ് വിവരം.

കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. 25 വിദ്യാർത്ഥികളാണ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 38 വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്. സ്കൂൾ തുറന്നതിന് പിന്നാലെയാണ് കുട്ടികൾക്ക് പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചത്.

0Shares