കാസർകോട് നഗരവികസനത്തിന് മാതൃകാപരമായ ചുവടുവെപ്പ്; എം.ജി റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകി കെട്ടിട ഉടമ

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് നഗരവികസനത്തിന് മാതൃകാപരമായ ചുവടുവെപ്പ്; എം.ജി റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകി കെട്ടിട ഉടമ

കാസർകോട്: നഗരത്തെ വർഷങ്ങളായി അലട്ടുന്ന എം.ജി. റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾക്ക് നിർണായക മുന്നേറ്റം. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് എം.ജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വീതികൂട്ടുന്നതിനായി ശോഭിക പ്രവർത്തിക്കുന്ന ഡ്രീം സിറ്റി കെട്ടിട ഉടമ പി.എ മഹ്മൂദ് തൻ്റെ വസ്തുവിൽനിന്ന് 4.30 മീറ്റർ സ്ഥലം നഗരസഭയ്ക്ക് സ്വമേധയാ വിട്ടുനൽകി. പഴയ പ്രസ് ക്ലബ് ജങ്ഷൻ മുതൽ മെട്രോ ഹോട്ടൽ, ഫുഡ് സ്ട്രീറ്റ്, കൃഷ്ണ ഹാർഡ്‌വെയേഴ്‌സ് വരെയുള്ള റോഡിൻ്റെ അതേ നിലവാരത്തിൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗവും വികസിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി നാല് പ്രധാന കെട്ടിടങ്ങളിൽനിന്ന് 4.30 മീറ്റർ വീതം സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്. ശോഭിക പ്രവർത്തിക്കുന്ന ഡ്രീം സിറ്റി, മൈജി പ്രവർത്തിക്കുന്ന മാൾ ഓഫ് കാസർകോട്, സുൽത്താൻ ഗോൾഡ്, സിറ്റി മാൾ എന്നിവയുടെ ഉടമകളുമായി ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.

റോഡ് വികസനത്തിനായി സ്ഥലം വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം നഗരസഭാ ഓഫീസില്‍ നടന്ന ചടങ്ങിൽ പി.എ മഹ്മൂദ് നഗരസഭാ അധികൃതർക്ക് കൈമാറി. റോഡ് വികസനത്തിനായി മറ്റ് കെട്ടിട ഉടമകളും സമാനമായ രീതിയിൽ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ അധ്യക്ഷ ഷാഹിന സലീം പറഞ്ഞു. കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഈ വിഷയത്തിൽ നിരന്തരമായി ഇടപെടുകയും നിയമസഭയിൽ സബ്മിഷന്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഹനീഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സമീന മുജീബ്, ജാഫർ കമാൽ, നഗരസഭാ സെക്രട്ടറി പി.ബി ഷാജു തുടങ്ങിയവർ സംബന്ധിച്ചു.

0Shares