Categories
channelrb special Kerala local news national news

എല്ലാവരെയും വെറുതെ വിട്ടു എന്ന ഒറ്റ വരി വിധി പ്രസ്താവനയാണ് കോടതി നടത്തിയത്; നിരാശയോടെ കാസർകോട്; പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ നീതിലഭിച്ചില്ല; പൊട്ടിക്കരഞ്ഞ് ഭാര്യ

കോടതിയിൽ നിന്നും പുറത്തിറങ്ങിയ പ്രോസിക്യൂടർ വിധി നിരാശാ ജനകമാണെന്ന് പറഞ്ഞു. മേൽക്കോടതിയെ സമീപിക്കും. നൂറുകണക്കിന് സാഹചര്യ തെളിവുകൾ നൽകിയിട്ടും, പ്രതിയുടെ ഷർട്ടിൽ റിയാസ് മൗലവിയുടെ രക്തം അടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും കോടതി പ്രതികളെ വെറുതെ വിട്ടതിൽ നല്ല സന്ദേശമല്ല കോടതി സമൂഹത്തിന് നൽകുന്നത് എന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി.

കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പോലീസ് അന്വേഷണത്തിൽ കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കാസർകോട്ടും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. ആളുകള്‍ക്ക് കോടതി പരിസരത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിധി പറയുന്നത് മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ശനിയാഴ്ച കോടതിയുടെ വിധിയുണ്ടായത്.

വിധിയിൽ പ്രതീക്ഷയർപ്പിച്ച് റിയാസ് മൗലവിയുടെ ഭാര്യ ഉൾപ്പടെ കുടുംബാംഗങ്ങൾ കാസർകോട് കോടതിയിൽ എത്തിയിരുന്നു. കോടതിയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച വലിയൊരുമതേതര വിശ്വാസികൾക്ക് നിരാശയുണ്ടാക്കുന്ന വിധിയാണ് കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒറ്റ വരി വിധി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്. വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കിടയിലും വ്യാപകമായ പ്രയാസമാണ് വിധിയുണ്ടാക്കിയിരിക്കുന്നത്. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങി കോടതിയിലുണ്ടായിരുന്ന ഓരോരുത്തരും നിരാശയോടെ മടങ്ങി.

കോടതിയിൽ നിന്നും പുറത്തിറങ്ങിയ പ്രോസിക്യൂടർ വിധി നിരാശാ ജനകമാണെന്ന് പറഞ്ഞു. മേൽക്കോടതിയെ സമീപിക്കും. നൂറുകണക്കിന് സാഹചര്യ തെളിവുകൾ നൽകിയിട്ടും, പ്രതിയുടെ ഷർട്ടിൽ റിയാസ് മൗലവിയുടെ രക്തം അടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും കോടതി പ്രതികളെ വെറുതെ വിട്ടതിൽ നല്ല സന്ദേശമല്ല കോടതി സമൂഹത്തിന് നൽകുന്നത് എന്നും അദ്ദേഹം ചൂണ്ടികാണിച്ചു. വിധിയുടെ പകർപ്പ് ലഭിച്ചതിന് ശഷം കൂടുതൽകാര്യങ്ങൾ വ്യക്തമാവുകയുള്ളു.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൻ്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അഡ്വ. ടി ഷാജിത്തായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂടർ. അതേസമയം കാസർകോട് കലാപത്തിന് വഴിവെച്ചു നടത്തിയ സമാനക്കേസുകളിൽ മുമ്പും ആര്‍.എസ്.എസ് പ്രവർത്തകർ ശിക്ഷിക്കപെട്ടിയിട്ടില്ല എന്നതും കൂട്ടിവായിക്കപ്പെടേണ്ടതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest