Categories
international news

ഋഷി സുനക് ഒരു ബ്രിട്ടീഷുകാരന്‍; അദ്ദേഹത്തില്‍ നിന്ന് ഇന്ത്യ ഇളവ് പ്രതീക്ഷിക്കരുത്: ശശി തരൂര്‍

വംശീയ വിവേചനബോധം മറികടന്നതിന് ബ്രിട്ടീഷുകാരെ പ്രശംസിച്ച്‌ തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ബ്രിട്ടന്‍ അതിൻ്റെ ‘വംശീയതയെ മറികടന്നു’വെന്ന് കാണിക്കുന്ന അത്ഭുത സംഭവ വികാസമാണിതെന്ന് തരൂര്‍ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോട് പ്രതികരിച്ചു. ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയ തീരുമാനം അസാധാരണമായതെന്ന് വിശേഷിപ്പിച്ച തരൂര്‍, വംശീയ വിവേചനബോധം മറികടന്നതിന് ബ്രിട്ടീഷുകാരെ പ്രശംസിച്ചു.

ഒന്നാമതായി, ഋഷി സുനക് ഇംഗ്ലീഷ്, സ്കോട്ടിഷ് അല്ലെങ്കില്‍ ആംഗ്ലോ -സാക്സണ്‍ വംശജനല്ല. തികച്ചും വ്യത്യസ്തമായ ഒരു വംശത്തില്‍ പെട്ടയാളാണ്. 85 ശതമാനം ആളുകളും വെള്ളക്കാരായ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി തവിട്ടുനിറമുള്ള ഒരു വ്യക്തി വരുന്നത് ശരിക്കും ശ്രദ്ധേയമാണ്.

ഋഷി സുനകിന്‍റെ മതം വ്യത്യസ്തമാണ് എന്നതാണ് രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബ്രിട്ടനില്‍ സ്ഥാപിതമായ ഒരു പള്ളിയുണ്ട്. ക്രിസ്തുമതം ഭരണകൂടത്തിന്‍റെ ഔദ്യോഗിക മതമാണ്. ഋഷി സുനക് ഹിന്ദുമതം പിന്‍പറ്റുന്നു. ഭഗവദ്ഗീത മുന്‍നിര്‍ത്തി ചാന്‍സലറായി സത്യപ്രതിജ്ഞ ചെയ്തു.

മൂന്നാമത്തെ കാര്യം 2015ല്‍ മാത്രമാണ് ഋഷി സുനക് ചാന്‍സലര്‍ ആയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ധനമന്ത്രിയും ഏഴ് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രിയുമായി. ഇത് ആശ്ചര്യപ്പെടുത്തുന്ന വളര്‍ച്ചയാണ്.

ബ്രിട്ടന്‍ അവരുടെ വംശീയതയെ മറികടക്കുകയും മറ്റ് മതവിശ്വാസികളെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും വളരെയധികം സന്നദ്ധത കാണിക്കുകയും ചെയ്തു. അതിലുപരിയായി ബ്രിട്ടന്‍ യോഗ്യത നോക്കിയതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ സുനകിന് നല്ല പരിചയമുണ്ട്. സാഹചര്യത്തിന് അനുയോജ്യമായ വ്യക്തിയാണ് അദ്ദേഹമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

സുനക് ഉന്നത പദവിയിലെത്തിയത് ഇന്ത്യക്ക് നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. ജാതി, മതം തുടങ്ങിയ ചില പരിഗണനകള്‍ക്ക് അതീതമായി പരിഗണിക്കുകയും ഒരു രാജ്യത്തിന് വേണ്ടത് മികവാണെന്ന് തിരിച്ചറിയുകയും വേണം. ഇന്ത്യയുമായുള്ള ബന്ധത്തില്‍ സുനകില്‍ നിന്ന് എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കുന്നത് തെറ്റാണ്.

ഋഷി സുനക് ഒരു ബ്രിട്ടീഷുകാരനാണ്. ബ്രിട്ടൻ്റെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതായിരിക്കും അദ്ദേഹത്തിൻ്റെ ജോലി. ഇന്ത്യന്‍ ബന്ധങ്ങള്‍ കാരണം അദ്ദേഹത്തില്‍ നിന്ന് മറ്റൊന്നും ആഗ്രഹിക്കരുതെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

0Shares

Leave a Reply

Your email address will not be published. Required fields are marked *