വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ ലൈംഗിക അധിക്ഷേപം, നഴ്‌സിംഗ് കോളേജ് വൈസ്. പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു; ജോലിക്കിടെ ഉടുപ്പില്‍ ചുളിവ് വീണാൽ പോലും സെക്‌സ് ആക്ഷേപം
വിദ്യാര്‍ത്ഥിനികൾ ഒരുമിച്ച് നടക്കുമ്പോൾ ലൈംഗികമായി വൈസ്. പ്രിന്‍സിപ്പല്‍ അധിക്ഷേപിക്കുമെന്നും സ്വവര്‍ഗാനുരാഗികളെന്ന് വിളിച്ചിരുന്നതായുമാണ് പരാതി.
Trending News





ആലപ്പുഴ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് ചേര്‍ത്തല എസ്.എച്ച് നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ പ്രീത മേരിയെ സസ്പെന്‍ഡ് ചെയ്തു. നഴ്‌സിംഗ് കൗണ്‍സിലിൻ്റെതാണ് നടപടി. കോളേജിനെതിരെയും നടപടികള്‍ വന്നേക്കാമെന്നാണ് ലഭിക്കുന്ന വിവരം.
Also Read
കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ യോഗത്തില്‍ നഴ്‌സിംഗ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ നടപടിയെടുക്കാന്‍ മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അടുത്തയാഴ്ച ചേരുന്ന പി.ടി.എ യോഗം വിദ്യാര്‍ത്ഥിനികളുടെ പരാതികള്‍ പരിഹരിക്കപ്പെട്ടോ എന്ന് പരിശോധിക്കും. കുട്ടികള്‍ കൗണ്‍സിലിന് നല്‍കിയ പരാതികളെല്ലാം തിങ്കളാഴ്ച ഡി.ജി.പി അനില്‍കാന്തിന് കൈമാറും. ഡി.ജി.പി ചേര്‍ത്തല പൊലീസിനാകും പരാതി കൈമാറുക. ചേര്‍ത്തല സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്യുക. ഇതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തേക്കും. അടുത്തെങ്ങും നഴ്‌സിംഗ് കൗണ്‍സില്‍ ഇത്തരമൊരു കടുത്ത നടപടി കോളേജുകള്‍ക്ക് നേരെ സ്വീകരിച്ചിട്ടില്ല.

വൈസ്. പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നത് ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പറഞ്ഞിരുന്നത്. വിദ്യാര്‍ത്ഥിനികൾ ഒരുമിച്ച് നടക്കുമ്പോൾ ലൈംഗികമായി വൈസ്. പ്രിന്‍സിപ്പല്‍ അധിക്ഷേപിക്കുമെന്നും വിദ്യാര്‍ത്ഥിനികളെ സ്വവര്‍ഗാനുരാഗികളെന്ന് സിസ്‌റ്റര്‍ പ്രീത മേരി വിളിച്ചിരുന്നതായുമാണ് പരാതി. ജോലിക്കിടെ ഉടുപ്പില്‍ ചുളിവ് വീഴുന്നതുപോലും ഇവര്‍ ലൈംഗിക ചുവയോടെയാണ് കാണുന്നത്.
വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ക്ക് എതിരെ പരാതിപ്പെടുന്ന വോയിസ് ക്ളിപ്പുകള്‍ മുമ്പ് പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ നഴ്‌സിംഗ് കൗണ്‍സില്‍ ഇവിടെ പരിശോധന നടത്തി. ഈസമയം വിദ്യാര്‍ത്ഥിനികള്‍ ഇവരോട് പരാതിപ്പെട്ടിരുന്നു. ആരോഗ്യ സര്‍വകലാശാലയ്‌ക്ക് ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നഴ്‌സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ലൈംഗികമായി അധിക്ഷേപിക്കുന്നതിന് പുറമേ ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും ചെരുപ്പ് കഴുകിക്കുകയും ആശുപത്രിയിലെ ടോയ്‌ലറ്റ് നിര്‍ബന്ധിച്ച് വൃത്തിയാക്കിച്ചതായും മതപ്രാര്‍ത്ഥനകളില്‍ നിര്‍ബന്ധമായി പങ്കെടുപ്പിച്ചെന്നും പരാതിയുണ്ട്. വീട്ടില്‍ പോകാനും ബന്ധുക്കളെ കാണാനും സമ്മതിക്കാറില്ലെന്നും വളരെ കുറച്ച് സമയം മാത്രമേ രക്ഷകര്‍ത്താക്കളെ കാണാന്‍ അനുവദിച്ചിരുന്നുളളൂവെന്നും പരാതിയിലുണ്ട്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.

Sorry, there was a YouTube error.