
കാസർഗോഡ്: ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്ഫര്മേഷന് ബ്യൂറോ (പി.ഐ.ബി) മാധ്യമ ശില്പശാല സംഘടിപ്പിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തകരെ ഉൾപെടുത്തികൊണ്ട് കാസറഗോഡ് പ്രസ് ക്ലബ്ബുമായി ചേർന്ന് സംഘടിപ്പിച്ച മാധ്യമ ശില്പശാല ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങൾ, സാധാരണക്കാരുടെ പ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി അത് പരിഹരിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരാതികളും ഭരണാധികാരികളിലേക്ക് എത്തിക്കുന്ന പാലമായി മാധ്യമങ്ങൾ പ്രവർത്തിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യ മാധ്യമരംഗത്ത് നിരവധി വെല്ലുവിളികൾ ഉയർത്തുമ്പോൾ വ്യാജവാർത്തകളെ പ്രതിരോധിക്കാനും വാർത്തകളുടെ സത്യാവസ്ഥ ഉറപ്പുവരുത്താനും മാധ്യമപ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ ഓർമ്മപ്പെടുത്തി. സർക്കാരിൻ്റെ വിവിധ ക്ഷേമപദ്ധതികൾ അർഹരായ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൽ വലിയ പങ്ക് വഹിക്കുന്നു. അതിനാൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇത്തരം ‘വാർത്താലാപ് ‘ ശിൽപ്പശാലകൾ കൂടൂതൽ അറിവുകൾ പകരുമെന്ന് അദ്ദേഹം പറഞ്ഞു.

പി.ഐ.ബി, കേരള-ലക്ഷദ്വീപ് മേഖല അഡീഷണല് ഡയറക്ടര് ജനറൽ ശ്രീ വി. പളനിച്ചാമി ഐ.ഐ.എസ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് എ.ഐ സാങ്കേതിക വിദ്യകൾ കൂടുതൽ ജനകീയമായതോടെ വ്യാജ വാർത്തകളും വെല്ലുവിളിയാവുകയാണ്. അതിനാൽ മാധ്യമ പ്രവർത്തകർ ജാഗ്രത പാലിക്കണം. കൃത്യതയും ഉത്തരവാദിത്തപരവുമായ മാധ്യമപ്രവർത്തനം കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. പി.ഐ.ബി കൊച്ചിയുടെയും കൊച്ചി ഓൾ ഇന്ത്യ റേഡിയോയുടെയും ഡയറക്ടർ ശ്രീമതി ധന്യ സനൽ കെ, ഐ.ഐ.എസ് ചടങ്ങിൽ പങ്കെടുത്തു. രാജ്യം പദ്മശ്രീ നൽകി ആദരിച്ച പത്മശ്രീ സത്യനാരായണ ബെളേരി, മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ എം. ഒ. വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കോഴിക്കോട് നോർത്തേൺ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ (സ്റ്റാഫ്) ശ്രീ കെ. മനോജ് പോസ്റ്റോഫീസ് സേവനങ്ങളെകുറിച്ച് ക്ലാസ് നയിച്ചു. കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (ICM), കണ്ണൂർ ഡയറക്ടർ ഡോ. എ.കെ. സക്കീർ ഹുസൈൻ സഹകരണ മന്ത്രാലയത്തിൻ്റെ സേവനങ്ങളെകുറിച്ച് ബോധവത്കരണം നടത്തി. സൈബർ ലോകത്തെ തട്ടിപ്പുകളെ കുറിച്ച് കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ ഷിനു കെ.ബി ക്ലാസ് നയിച്ചു. AI സാങ്കേതിക വിദ്യ മാധ്യമ പ്രവർത്തകർക്ക് എങ്ങനെ പ്രയോജനപിടുത്താം എന്നതിൽ AI പരിശീലകനായ ഹബീബ് റഹ്മാൻ വൈ.പി ക്ലാസ് നയിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപ്പിലാക്കുന്ന ജേർണലിസ്റ്റ് വെൽഫെയർ സ്കീമിനെകുറിച്ച് പി.ഐ.ബി കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ലക്ഷ്മി പ്രിയ വിശദീകരിച്ചു. പി.ഐ.ബി കൊച്ചി മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ ശ്രീമതി ഷാമില കെ.വൈ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കാസറഗോഡ് പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ സിജു കണ്ണൻ സംസാരിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരുടെ സജീവമായ സംവാദവും അഭിപ്രായരൂപീകരണവും നടന്നു. പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണൻ നന്ദി രേഖപ്പെടുത്തി. കേന്ദ്ര ഗവണ്മെന്റിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക പത്രപ്രവർത്തകർക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പി.ഐ.ബി വിവിധ ജില്ലകളിൽ ഇത്തരം ശില്പശാലകള് സംഘടിപ്പിക്കുന്നത്.
