
കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) സമ്പൂർണ അവധിയും 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. രാത്രി 10 മണിയോടെ ഏറ്റവും ഒടുവിലായി ഇടുക്കിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ കണ്ണൂരിലും വയനാട്ടിലുമാണ് നിയന്ത്രിത അവധിയുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി. ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിലാകട്ടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
