
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ കണ്ണൂര്‍ പാണ്ഡ്യാമുക്കിലെ വീടിന് മുന്നില്‍ ഏര്‍പ്പെടുത്തിയിരുന്ന 24 മണിക്കൂര്‍ പോലീസ് കാവല്‍ വെട്ടിച്ചുരുക്കി ആഭ്യന്തര വകുപ്പ്. എന്നാൽ സുരക്ഷ അതീവ ശക്തമായി തന്നെ തുടരും. പിണറായി വിജയൻ വീട്ടിലില്ലെങ്കിലും തുടരുന്ന സുരക്ഷയാണ് അവസാനിപ്പിച്ചത്. അതിന് പകരം ഇനി മുതല്‍ പിണറായി വിജയന്‍ വീട്ടിലുണ്ടെങ്കില്‍ മാത്രം പോലീസ് കാവല്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഒരു എസ്.ഐയും രണ്ട് പോലീസുകാരും ഡ്യൂട്ടിയില്‍ ഉണ്ടാകും. നേരത്തേ പിണറായി വിജയൻ്റെ വീടിന് മുന്നില്‍ ഉണ്ടായിരുന്ന പോലീസ് ജീപ്പ് എടുത്തുമാറ്റിയിരുന്നു. ജീപ്പ് എടുത്തുമാറ്റിയെങ്കിലും പോലീസ് കാവല്‍ തുടരുകയായിരുന്നു. കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ രണ്ട് എസ്.ഐമാർ, ആറ് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് പല ഷിഫ്റ്റിലായി ജോലി ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു പിണറായി വിജയൻ്റെ വീടിന് മുന്നിലുണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയത്. പിണറായിയുടെ വീടിന് മുന്നില്‍ മിനി സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന ജീപ്പ് എടുത്തുമാറ്റിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നിരുന്നു.
