Categories
Kerala news

പെട്രോളൊഴിച്ച്‌ കത്തിച്ച ദമ്പതികളില്‍ ഒരാള്‍ മരിച്ചു; ആക്രമത്തിന് പിന്നില്‍ മക്കളുടെ ആത്മഹത്യയുടെ പകയെന്ന് പോലീസ്

രണ്ടുമക്കളെയും നഷ്ടമായതോടെ പ്രഭാകര കുറുപ്പിനെ കൊല്ലാന്‍ ശശിധരന്‍ തീരുമാനിക്കുക ആയിരുന്നു

തിരുവനന്തപുരം: കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവ് മരിച്ചു. തലയ്ക്കടിയേറ്റ പ്രഭാകര കുറുപ്പ് (70) ആണ് മരിച്ചത്. ഭാര്യ വിമലാദേവി (65) ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇവരെ ആക്രമിച്ച മുന്‍ അയല്‍വാസി കൂടിയായ കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരനും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 11 മണിയോടെയാണ് സംഭവം. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടി എത്തുമ്പോള്‍ തീ പിടിച്ചു നില്‍ക്കുന്ന ശശിയെയാണ് കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രഭാകര കുറുപ്പും ഭാര്യ വിമലയും തീ കത്തിയ നിലയില്‍ നിലത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

ശശിധരൻ്റെ മകനെ ഗള്‍ഫില്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 20 വര്‍ഷമായി പ്രഭാകര കുറുപ്പുമായി ശത്രുതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗള്‍ഫിലെ ജോലി ശരിയാകാത്തതിനാല്‍ ശശിധരൻ്റെ മകന്‍ ആത്മഹത്യ ചെയ്തിരുന്നു. സഹോദരന്‍ മരിച്ച വിഷമത്തില്‍ സഹോദരിയും പിന്നീട് ആത്മഹത്യ ചെയ്തു.

രണ്ടുമക്കളെയും നഷ്ടമായതോടെ പ്രഭാകര കുറുപ്പിനെ കൊല്ലാന്‍ ശശിധരന്‍ തീരുമാനിക്കുകയായിരുന്നു. ശശിധരൻ്റെ അയല്‍വാസി ആയിരുന്ന പ്രഭാകര കുറുപ്പ് തര്‍ക്കങ്ങളെ തുടര്‍ന്നാണ് മടവൂരിലേക്ക് താമസം മാറിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest