Categories
Kerala news

കളമശ്ശേരി സ്ഫോടനം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം ഏഴായി

പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ വീട്ടിൽ കെ.വി ജോൺ(78) ആണ്‌ മരിച്ചത്‌. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌.

കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30 യോടെയാണ് കളമശേരി സാമ്ര ഇൻ്റെർനാഷനൽ കൺവൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ കൺവൻഷനിലാണ് സ്ഫോടനമുണ്ടായത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു.

സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമിനിക് മാർട്ടിൻ തൃശൂർ ജില്ലയിലെ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്.

മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപൻ്റെ മകൻ പ്രവീൺ പ്രദീപ് (24), അമ്മ റീന ജോസ്‌ (സാലി- 45), സഹോദരി ലിബിന (12), തൊടുപുഴ സ്വദേശി കുമാരി (53), കുറുപ്പുംപടി സ്വദേശി ലയോണ തോമസ്(60), ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്.

പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഡിസംബർ 26 വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​ ചെയ്​തിരിക്കുകയാണ്. മാർട്ടിൻ്റെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് നവംബർ 29നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി റിമാൻഡ്​ ചെയ്​തത്​.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest