Trending News





കാസർകോട്: ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം നടപ്പിലാക്കാൻ കൂടുതൽ ഫോറൻസിക് സർജന്മാരെ നിയോഗിക്കണമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ ആവശ്യയപെട്ടു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജൂൺ ഒന്നിന് ജനറൽ ആശുപത്രിയിൽ രാത്രി പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട കാര്യത്തിൽ പൊതുജനങ്ങൾക്ക് തെറ്റിദ്ധാരണ ജനകമായി അവിടെ ജോലി ചെയ്യുന്ന ഫോറൻസിക് സർജനെ കുറ്റപ്പെടുത്തുന്ന രീതിയിൽ വാർത്തവന്നു. മൂന്ന് വർഷം മുൻപേ 24 മണിക്കൂർ പോസ്റ്‌മോർട്ടം തുടങ്ങിയെങ്കിലും, ജനറൽ ആശുപത്രിയിൽ നിലവിൽ ഒരു ഫോറൻസിക് സർജൻ്റെ തസ്തിക മാത്രമാണുള്ളത്. 24 മണിക്കൂറും പോസ്റ്റ്മോർട്ടം നടത്തുന്നതിന് മൂന്ന് ഫോറൻസിക് സർജനെ നിയമിക്കാനാണ് കോടതി നിർദ്ദേശിച്ചിരുന്നത്. റ്റാ റ്റാ ആശുപത്രിയിലെ ഫോറൻസിക് ബിരുദമുള്ള ഡോക്ടറെ ജോലി ക്രമീകരണാർത്ഥം ജനറൽ ആശുപത്രിയിൽ നിയമിച്ചാണ് രാത്രി കാല പോസ്റ്റ്മോർട്ടം തുടങ്ങിയത്. നിയമപ്രകാരം ഒരു ഫോറൻസിക് സർജൻ മാത്രമുള്ള സ്ഥലത്ത് രാത്രി പോസ്റ്റ്മോർട്ടം ചെയ്യേൻ സാധിക്കില്ല. അത് പ്രായോഗികവുമല്ല. പകൽ സമയത്ത് 9മുതൽ 4 വരെയാണ് അദ്ദേഹത്തിൻ്റെ ഡ്യൂട്ടി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ 12 മണിക്ക് മരണപ്പെട്ടു എന്ന് പറഞ്ഞ മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നത് ഒന്നര മണിയോട് അടുത്താണ്. പോലീസ് ഇൻക്വസ്റ്റിന് വേണ്ടി വരുന്നത് 3 .45നാണ്. നാലു മണിയോടുകൂടി ഇൻക്വസ്റ്റ് പൂർത്തിയാക്കിയാലേ അന്നത്തെ പോസ്റ്റുമോർട്ടം സമയബന്ധിതമായി ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ കാലതാമസം ഉണ്ടായതു കൊണ്ടാണ് പകൽ സമയത്ത് പോസ്റ്റ്മോർട്ടം നടക്കാതിരുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞ് തിരിച്ചുപോയ, കാര്യങ്ങളൊക്കെ നിയമപരമായി തന്നെ ചെയ്തിട്ടുള്ള ഡോക്ടറെ കുറ്റപ്പെടുത്തി മീഡിയകളിൽ വാർത്ത വന്നതിനെ സംഘടന ശക്തമായി അപലപിച്ചു.
ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെ പകൽ ഡ്യൂട്ടി ചെയ്ത ഡോക്ടറെ തിരിച്ചുവിളിച്ച് വീണ്ടും ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പ്രസ്തുത വിഷയം സംഘടനാ നേതാക്കൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി. പ്രസ്തുത വിഷയത്തിൻ്റെ ഗൗരവം കലക്ടറുമായി ചർച്ച ചെയ്തു. അടിയന്തിരമായി ഫോറൻസിക് വിഭാഗത്തിലെ മാനവ-വിഭവശേഷിക്കുറവ് പരിഹരിക്കാൻ പരിശ്രമിക്കുന്നതിന് സർക്കാറുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം ഉറപ്പു തന്നു. ഡി.എം.ഒയും എം.എൽ.എ അടക്കം വിളിച്ച് യോഗം ചേരുമെന്നും അറിയിച്ചിരുന്നു. നിലവിലെ സ്ഥിതിയിൽ അധിക ഡോക്ടറുടെ സേവനം ലഭിച്ചാൽ മാത്രമേ 24 മണിക്കൂർ പോസ്റ് മോർട്ടം നടക്കുകയുള്ളു. ഡോക്ടർമാരെ 24 മണിക്കുറും 365 ദിവസവും ജോലി ചെയ്യിപ്പിക്കുന്നത് സംഘടനക്ക് എതിർക്കാതിരിക്കാൻ പറ്റുകയില്ല. കൂടുതൽ ഫോറൻസിക് സർജനെ നിയമിച്ചാൽ മാത്രമേ സംഘടന രാത്രി കാല പോസ്റ്റ്മോർട്ടവുമായി സഹകരിക്കുകയുള്ളൂവെന്ന് നേതാക്കൾ വ്യക്തമാക്കി. പൊതുജനങ്ങളെ നിയമപരമായി കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതിന് പകരം അധിക ജോലി ചെയ്യിച്ച് പ്രശ്നം പരിഹരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് സംഘടനാ തലത്തിൽ ഗൗരവമായി തന്നെ ഏറ്റെടുക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു. ഡോ. ഷമീമ തൻവീർ പ്രസിഡൻ്റ്, ഡോ ഷിൻസി വി.കെ സെക്രട്ടറി ഉൾപ്പടെയുള്ള കെ.ജി.എം.ഒ.എ കാസറഗോഡ് ഘടകം ഭാരവാഹികൾ കളക്ടറെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിച്ചു.

Sorry, there was a YouTube error.