Categories
education Kerala news trending

നിങ്ങളില്‍ കന്യകമാര്‍ ആയവര്‍ കൈപൊക്കൂ; ക്ലാസിൽ മോശമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപകന് സസ്പെൻഷൻ

കൂടുതല്‍ പേര്‍ മുന്‍ ഡയറക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച്‌ വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്

തിരുവനന്തപുരം: വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൻ്റെ ഡയറക്ടറായ ഡോ. എ.എസ് പ്രതീഷിനെ അന്വേഷണ വിധേയമായി സസ്‌പെണ്ട് ചെയ്തു. ഓണാഘോഷത്തിനിടെ കയറിപ്പിടിക്കാൻ ശ്രമിച്ചതായിട്ടാണ് പരാതി.

ആറുമാസം മുമ്പ് കാലടി സെന്‍ററിൽ പഠിപ്പിക്കുന്നതിനിടെ അശ്ലീലച്ചുവയുള്ള കഥകൾ പറഞ്ഞുവെന്ന കുട്ടികളുടെ പരാതിയിൽ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയ അധ്യാപകനാണ് ഡോ. എ.എസ് പ്രതീഷ്. മലയാള വിഭാഗം പ്രൊഫസറായ ഡോ. എസ്. പ്രിയക്കാണ് കാമ്പസ് ഡയറക്ടറുടെ ചുമതല നൽകിയിരിക്കുന്നത്.

ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ഡോ. എ.എസ് പ്രതീഷ് കാംപസിൽ പ്രവേശിക്കുകയോ പരാതിക്കാരിയായ വിദ്യാർത്ഥിഥിനിയുമായി ഏതെങ്കിലും വിധത്തിലുള്ള സമ്പർക്കത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് കർശനമായി വിലക്ക് ഏർപ്പെടുത്തിയതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

മുമ്പും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഈ അധ്യാപകനെതിരെ വിദ്യാർത്ഥികൾ വൈസ്. ചാൻസലർ, പ്രോ. വൈസ്. ചാൻസലർ, രജിസ്ട്രാർ, മലയാളം വകുപ്പ് അധ്യക്ഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 25നാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ഒന്നിലധികം തവണ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ക്ലാസിൽ നടത്തുകയും പരാമർശം അസഹനീയം ആയപ്പോൾ വിദ്യാർത്ഥികൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, വിദ്യാർഥികളുടെ എതിർപ്പ് ഗൗനിക്കാതെ അധ്യാപനം തുടരുകയാണ് ചെയ്തത്. ക്ലാസിൽ ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥിനികളോട് നിങ്ങളിൽ എത്രപേർ കന്യകമാരാണെന്ന് ചോദിക്കുകയും കന്യകമാരായവർ കൈ ഉയർത്താൻ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. അധ്യാപകന്‍റെ പരാമർശത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചില വിദ്യാർഥികൾ അന്ന് ക്ലാസ് ബഹിഷ്കരിക്കുകയും ചെയ്തു.

2021 ഏപ്രിൽ 24ന് വിദ്യാർത്ഥി ഇ-മെയിലായി നൽകിയ പരാതി 30ന് ഓൺലൈനിൽ ചേർന്ന ഡിപ്പാർട്ട്മെന്‍റ് കൗൺസിൽ വിശദമായി ചർച്ച ചെയ്തതായി വകുപ്പ് അധ്യക്ഷ ഡോ. വി.ലിസ്സി മാത്യു പരാതിക്കാരനെ അന്ന് രേഖാമൂലം അറിയിച്ചിരുന്നു. അധ്യാപകനെ അന്നത്തെ യോഗത്തിൽ വിളിച്ച് വിശദീകരണം ചോദിക്കുകയും വിഷയത്തിന്‍റെ ഗുരുതര സ്വഭാവം അറിയിക്കുകയും ചെയ്തു. സകുറ്റം അംഗീകരിച്ച അധ്യാപകൻ ഡിപ്പാർട്ട്മെണ്ടിനോടും വിദ്യാർത്ഥികളോടും മാപ്പ് പറയുകയും ചെയ്തു.

കൂടാതെ ഉചിതമായ നടപടി സ്വീകരിക്കാൻ വി.സിയോട് രേഖാമൂലം ആവശ്യപ്പെട്ടതായും വകുപ്പ് അധ്യക്ഷ പരാതിക്കാരായ വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. ഡോ.എ.എസ്.പ്രതീഷിന് എതിരെ ഔദ്യോഗിക പരാതി വന്നതോടെ കൂടുതല്‍ പേര്‍ മുന്‍ ഡയറക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച്‌ വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്.

ഒരു രുവിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ഇങ്ങനെ:

‘കോവിഡ് ബാച്ച്‌ ആയതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരുന്നു കൂടുതലും. ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിന് ശേഷം ഒറ്റത്തവണ ഡോ. എ.എസ്. പ്രതീഷിൻ്റെ ഓഫ്ലൈന്‍ ക്ലാസ്സില്‍ ഇരിക്കേണ്ടതായി വന്നു. അത് തന്നെ പകുതിയായപ്പോള്‍ ഇറങ്ങിപോകുകയും ചെയ്തു. ഒട്ടും തന്നെ അക്കാദമിക്‌സുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയ ആ ക്ലാസ്സ് (?) ഞാന്‍ ഇരുന്നിടത്തോളം ഭാഗവും മുന്നോട്ട് പോയത് വളരെ അസഹനീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളിലൂടെ ആയിരുന്നു. ‘നിങ്ങളില്‍ എത്രപേര്‍ കന്യകമാരാണ്?’ എന്ന് ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥിനികളോട് ഡോ. എ.എസ്. പ്രതീഷ് ആവര്‍ത്തിച്ചു ചോദിക്കുകയും കന്യകമാര്‍ ആയവര്‍ കൈപൊക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത അവസരത്തിലാണ് ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തത്. ആ ക്ലാസ്സ് ബഹിഷ്‌കരിച്ച്‌ ഇറങ്ങിയ എൻ്റെ സുഹൃത്ത് ഏറെ നേരം അതിനുശേഷവും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന്, ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സംയുക്തമായി ഈ വിവരം ഡിപ്പാര്‍ട്‌മെണ്ടിനെ അറിയിച്ചു. ഡിപ്പാര്‍ട്‌മെണ്ടിനെ കൂടുതല്‍ വിവാദങ്ങളില്‍ പെടുത്തരുത് എന്നായിരുന്നു വകുപ്പദ്ധ്യക്ഷയുടെ ഭാഗത്ത് നിന്നുണ്ടായ മറുപടി. തക്കതായ നടപടി ഈ വിഷയത്തില്‍ സ്വീകരിക്കും എന്നും എച്ച്‌.ഒ.ഡിയും ഡിപ്പാര്‍ട്‌മെണ്ടിലെ മറ്റു അദ്ധ്യാപകരും ഉറപ്പ് തരികയും ചെയ്തു. ഡിപ്പാര്‍ട്‌മെണ്ടിനെ മുഖവിലയ്ക്ക് എടുക്കുകയാണ് അപ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചെയ്തത്. എന്നാല്‍, ആ വാക്ക് പാലിക്കപ്പെട്ടില്ല.

കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും വീടുകളിലായി. വീട്ടിലായിരിക്കുന്ന ഒരു ദിവസം ഈ കേസിൻ്റെ തുടര്‍ നടപടികളെ കുറിച്ചറിയാന്‍ വിളിച്ച എന്നോട് വുമണ്‍ സെല്ലിൻ്റെ ചുമതലയുണ്ടായിരുന്ന അധ്യാപികയും വകുപ്പദ്ധ്യക്ഷയും വളരെ നിഷേധാത്മകമായാണ് സംസാരിച്ചത്. ഇതേതുടര്‍ന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഇരുപതുപേരും അവരവരുടെ വീടുകളില്‍ ഇരുന്ന് പരാതി എഴുതി വകുപ്പധ്യക്ഷയ്ക്കും രജിസ്ട്രാര്‍ക്കും പ്രൊ. വൈസ്. ചാന്‍സിലര്‍ക്കും വൈസ്. ചാന്‍സിലര്‍ക്കും മെയില്‍ ചെയ്തു. (പരാതിയുടെ കോപ്പി ഇതിനൊപ്പം കൊടുക്കുന്നു.) ഇതിന് വകുപ്പദ്ധ്യക്ഷയുടെ ഭാഗത്തു നിന്ന് മറുപടി ഇ-മെയില്‍ വഴി തന്നെ ലഭിച്ചു. (ഇതും ചുവടെ ചേര്‍ക്കുന്നു.) ഡോ. എ.എസ്. പ്രതീഷ് ഡിപ്പാര്‍ട്‌മെണ്ട് മീറ്റിങ്ങില്‍ (അദ്ധ്യാപകരുടെ) മാപ്പ് പറഞ്ഞിരുന്നു എന്നും തുടര്‍നടപടികള്‍ ഉണ്ടാകും എന്നും ആണ് വകുപ്പധ്യക്ഷ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍, എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചത് എന്ന് ഡിപ്പാര്‍ട്‌മെണ്ടോ യൂണിവേഴ്‌സിറ്റിയോ ഇതുവരെ ഞങ്ങളെ അറിയിച്ചിട്ടില്ല.

ഡോ. എ.എസ്. പ്രതീഷിന് തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് ‘on academic interest’ ല്‍ സ്ഥലം മാറ്റം ആയി എന്ന് പിന്നീട് അറിഞ്ഞു!

പഠിപ്പിച്ച എല്ലായിടത്തും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുള്ള ആളാണ് ഡോ. എ.എസ്. പ്രതീഷ് എന്നും പിന്നീട് അറിഞ്ഞു. ആണ്‍കുട്ടികള്‍ നിക്കര്‍ ഇട്ടു ക്ലാസ്സില്‍ ഇരിക്കുന്നത് ‘അദ്ദേഹ’ത്തിന് അസ്വസ്ഥത ആണത്രേ.

അക്കാദമികയോ അല്ലാതെയോ യാതൊരു ബോധവും ഇല്ലാത്ത ഇമ്മാതിരി മാലിന്യങ്ങളെ ഇവിടുത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ എന്തിന് സഹിക്കണം എന്നതിന് ഇവിടുത്തെ പ്രബുദ്ധ നവോത്ഥാന അധ്യാപക- ഉദ്യോഗസ്ഥ അക്കാദമിക് സമൂഹം ഇനിയെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.

ഡോ. എ.എസ്. പ്രതീഷിനെ പിരിച്ചുവിടുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest