Categories
international news

ലോകത്തിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ചാരവും അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുന്നു

1984ല്‍ ആണ് മൗന ലോവ അവസാനമായി പൊട്ടിത്തെറിച്ചത്. ഇതിന് തൊട്ടടുത്തുള്ള കിലൗയ അഗ്‌നിപര്‍വ്വതം 2021 മുതല്‍ പുകയുകയാണ്.

ലോകത്തെ ഏറ്റവും വലിയ അഗ്‌നി പര്‍വ്വതമായ മൗന ലോവ പൊട്ടിത്തെറിച്ചു. 38 വര്‍ഷത്തിന് ശേഷമാണ് യുഎസിലെ ഹവാലി ദ്വീപിലുള്ള ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. തുടര്‍ന്നുണ്ടായ ലാവ ഒഴുക്ക് കാണാന്‍ നിരവധിപേരാണ് ഈ പ്രദേശത്തേക്ക് എത്തിയത്.

ഇതോടെ, ഹവാലി ഹൈവേയില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ദ്വീപിൻ്റെ കിഴക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഹൈവെയില്‍ നിന്നാല്‍ അഗ്‌നിപര്‍വ്വതത്തിൻ്റെ ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഇതാണ് ജനങ്ങളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.

അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതോടെ ചാരവും അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുകയാണ്. ഹൈവേയില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് ലാവ പരന്നൊഴുകുന്നത്. മുന്‍പ് ലാവ പ്രവാഹം ഈ റോഡിനെയും മൂടിയാണ് കടന്നുപോയിരുന്നത്. രണ്ടുദിവസത്തിനുള്ളില്‍ ഹൈവെയിലേക്ക് ലാവ എത്തുമെന്ന് ഹവാലിയന്‍ വോള്‍ക്കാനോ ഒബ്സര്‍വേറ്ററി സൈന്റിസ്റ്റ് ഇന്‍ചാര്‍ജ് കെന്‍ ഹോന്‍ പറഞ്ഞു.

ഇതിനോടകം തന്നെ ലാവ ഒബ്സര്‍വേറ്ററിയെ കടന്നു പോയിക്കഴിഞ്ഞു. ഇതിനാല്‍ ഈ മേഖലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. 1984ല്‍ ആണ് മൗന ലോവ അവസാനമായി പൊട്ടിത്തെറിച്ചത്. ഇതിന് തൊട്ടടുത്തുള്ള കിലൗയ അഗ്‌നിപര്‍വ്വതം 2021 മുതല്‍ പുകയുകയാണ്. രണ്ട് അഗ്‌നിപര്‍വ്വതങ്ങള്‍ ഒരേസമയം തീ തുപ്പുന്നത് കാണാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് ശേഷം, ഇവിടുത്തെ സൂര്യോദയം കാണാനും വന്‍ തിരക്കാണ്.

സൂര്യനും അഗ്‌നിപര്‍വ്വതവും ഒരുപോലെ തിളങ്ങിനില്‍ക്കുന്നത് കാണാന്‍ ഉറങ്ങാതെ കാത്തിരുന്ന് വന്നവരുമുണ്ട്. പ്രകൃതി അതിൻ്റെ വിശ്വരൂപം കാണിച്ചുതരുന്നത് നേരില്‍ കാണാനാണ് തങ്ങള്‍ എത്തിയത് എന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്. കണ്ണഞ്ചിക്കുന്ന വെളിച്ചമാണ് അഗ്‌നിപര്‍വ്വതത്തില്‍ നിന്നുണ്ടാകുന്നതെന്നും ആളുകള്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *